വ്യാപാര യുദ്ധത്തിന് തുടക്കം! തിരിച്ചടിച്ച് ചൈന; അമേരിക്കൻ ഉൽപന്നങ്ങൾക്ക് 15% അധിക നികുതി ചുമത്തും
ആഗോള വിപണികൾ ആശങ്കയോടെ ഉറ്റുനോക്കുന്ന വ്യാപാര യുദ്ധത്തിന് തിരികൊളുത്തുന്ന നീക്കങ്ങളുമായി ലോകത്തെ വൻ സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും രംഗത്തെത്തി. ചൈനയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ അധിക തീരുവ 20 ശതമാനമായി ഉയർത്തിയതിന് പിന്നാലെ തിരിച്ചടി നീക്കവുമായി ചൈനയും കളത്തിലിറങ്ങിയതോടെ ആഗോള വിപണികൾ ആകാംക്ഷയിലാണ്.
യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിന് പിന്നാലെ തന്നെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിനുശേഷം മാർച്ച് മൂന്നിന് നേരത്തെ ചുമത്തിയതിന് പുറമെ 10 ശതമാനം കൂടി ഇറക്കുമതി ചുങ്കം വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനമെടുത്തു. ഇതോടെ ചൈനയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിശ്ചിത ഉൽപന്നങ്ങളുടെ തീരുവ 20 ശതമാനമായി ഉയർന്നു.
ഇതിന് മറുപടിയെന്ന നിലയിലാണ് യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപന്നങ്ങൾക്ക് ചൈനയും ഇപ്പോൾ തീരുവ വർധിപ്പിച്ചിരിക്കുന്നത്. അമേരിക്കിയിൽ നിന്നുള്ള കോഴിയിറച്ചി ഉൾപ്പെടെയുള്ള ചില ഉൽപന്നങ്ങൾക്ക് 15 ശതമാനമായും സോയാബീൻസ് ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങൾക്ക് 10 ശതമാനമായും ആണ് അധിക ഇറക്കുമതി തീരുവ വർധിപ്പിച്ചിരിക്കുന്നത്. ഇതും സംബന്ധിച്ച തീരുമാനം ചൈനയുടെ ധനകാര്യ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
കൂടാതെ 15 യുഎസ് കമ്പനികളെ വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിലും ചൈനീസ് ഭരണകൂടം ഉൾപ്പെടുത്തി. ഇതോടെ ഈ യുഎസ് കമ്പനികൾക്ക് ചൈനയിലേക്ക് ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങളിൽ ഇനി ഏർപ്പെടാനാകില്ല. അതുപോലെ ചൈനയിലെ നിക്ഷേപങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കൂടുതലും പ്രതിരോധ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികൾക്കാണ് നിയന്ത്രണം ബാധകമായിട്ടുള്ളത്. ഈ തീരുമാനങ്ങളെല്ലാം മാർച്ച് 10 മുതൽ പ്രാബല്യത്തിലാകുമെന്നും ചൈന വ്യക്തമാക്കി.