റഷ്യ- ഉക്രൈന്‍ ആക്രമണം; 25ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
കീവ്: ഉക്രൈനിന്റെ വിവിധ ഭാഗങ്ങളിലായി റഷ്യ നടത്തിയ സൈനികാക്രമണത്തില്‍ കുറഞ്ഞത് 25 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉക്രൈന്റെ ഊര്‍ജനിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യ വ്യാപക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഉക്രൈന്‍ മരണം സ്ഥിരീകരിച്ചത്.
ഡൊണെറ്റ്‌സ്‌ക് മേഖലയില്‍ നടന്ന ഒരു ആക്രമണത്തില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും ആറ് കുട്ടികള്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖാര്ഡകിവ്, ഒഡെസ എന്നീ സ്ഥലങ്ങളിലുള്‍പ്പെടെ വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമടക്കം തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടാണ് ഡൊണെറ്റ്‌സ്‌ക് മേഖലയിലെ ഡോബ്രോപില്ല്യ പട്ടണത്തില്‍ ആക്രമണമുണ്ടായത്. എട്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഒരു ഷോപ്പിങ് സെന്ററിലുമടക്കം രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പതിക്കുകയും 11 പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയുമായിരുന്നു.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മേഖലയിലെ മറ്റ് പ്രദേശങ്ങളിലും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖാര്‍കിവിലെ ബൊഹാദുഖീവിലെ ഒരു കമ്പനിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഡ്രോണുകള്‍ ഇടിച്ചുകയറുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.