International

വീണ്ടും വിലാപ ഭൂമിയായി ഗാസ; പരസ്പരം കുറ്റപ്പെടുത്തി ഇസ്രയേലും ഹമാസും

ഗാസ: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച അലസി പിരിഞ്ഞതിന് പിന്നാലെ ഇസ്രയേൽ പുനരാരംഭിച്ച ആക്രമണത്തിൽ ഗാസയിൽ 342 പേർ കൊല്ലപ്പെട്ടു. ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിൻറെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമി ആയത്. ലോകം പ്രതീക്ഷയോടെ കണ്ട സമാധാന കരാർ തകർന്നതിനു കാരണക്കാർ ഹമാസ് ആണെന്ന് ഇസ്രയേൽ കുറ്റപ്പെടുത്തുന്നു. മറിച്ചാണെന്ന് ഹമാസും പറയുന്നു.

മാസങ്ങൾ നീണ്ട അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഒടുവിലാണ് ജനുവരി 19ന് ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നത് . മൂന്ന് ബന്ദികളെ ഹമാസും 95 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു. അന്ന് തുടങ്ങിയ വെടിനിർത്തൽ ലോകത്തിന് വലിയ ആശ്വാസമായി. ഇടയ്ക്ക് തർക്കങ്ങളും അനിശ്ചിതത്വങ്ങും ഉണ്ടായെങ്കിലും ഒന്നര മാസം സമാധാനം.

എന്നാൽ ഒന്നാം ഘട്ട വെടിനിർത്തൽ കാലാവധി തീർന്നതോടെ പ്രശ്നങ്ങൾ ഉയർന്നു. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിച്ചു. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെ ചർച്ച അലസിപ്പിരിഞ്ഞു. പിന്നാലെയാണ് ഗാസയിലെ ഇന്നത്തെ ഇസ്രയേൽ ആക്രമണം. കനത്ത ബോംബാക്രമണത്തിൽ 342 പേർ കൊല്ലപ്പെട്ടു. 600ലേറെ പേർക്ക് പരിക്കേറ്റു. യുദ്ധം വീണ്ടും തുടങ്ങുകയാണെന്ന് അമേരിക്കയെ മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്.

ശത്രുക്കളോട് ദയ കാട്ടില്ലെന്നും ബന്ദികളെ ഹമാസ് മോചിപ്പിക്കുംവരെ ആക്രമണം തുടരുമെന്നും ഇസ്രയേൽ പറയുന്നു. ഗാസ പൂർണമായി ഒഴിപ്പിക്കണമെന്ന ഡോണൾഡ്‌ ട്രംപിൻറെ നിലപാട് വന്നതും ഇതിനെ അറബ് രാജ്യങ്ങൾ തള്ളിയതും വെടിനിർത്തൽ കാലത്തായിരുന്നു. രണ്ടു മാസത്തെ ശാന്തതയ്ക്കു ശേഷം വീണ്ടും ഗാസ വിലാപ ഭൂമി ആകുമ്പോൾ ഇനിയൊരു സമാധാന ശ്രമത്തിന് ആര് മുൻകയ്യെടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.

error: