International

ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഗാസ(gaza): ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ മുബാഷര്‍ റിപ്പോര്‍ട്ടര്‍ ഹൊസാം ഷബാത്തും പലസ്തീന്‍ ടുഡേ ടി.വിയുടെ ലേഖകനായ മുഹമ്മദ് മന്‍സൂറും കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഗാസയിലെ വ്യത്യസ്ത പ്രദേശങ്ങളിലുണ്ടായ ആക്രമണത്തിലാണ് ഇരുവരും മരിച്ചത്.

ഖാന്‍ യൂനിസിലെ അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മുഹമ്മദ് മന്‍സൂറിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ ടുഡേ ടി.വിയിലെ മാധ്യമപ്രവർത്തകൻ്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ശക്തമാകുന്നു

2023 ഒക്ടോബര്‍ 7ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 208 ആയി ഉയര്‍ന്നു. ഇസ്രയേൽ മാത്രമല്ല  യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഈ കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്ന് പലസ്തീന്‍ ടുഡേ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ആവശ്യം

ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. മാധ്യമപ്രവര്‍ത്തകരെ ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തെയും സത്യത്തിന്റെ പ്രചാരണത്തെയും ദോഷകരമായി ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റിന്റെ വക്താവ് ഈ സംഭവങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സംഘടനാപരമായ നയത്തിന്റെ ഭാഗമാണെന്നും ഇതൊരു യുദ്ധക്കുറ്റമാണെന്നും ആരോപിച്ചു.

ജനുവരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനിന്നിരുന്നെങ്കിലും, മാര്‍ച്ച് 1ന് അത് അവസാനിച്ചതോടെ ഗസയില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം ശക്തമാക്കി. മാര്‍ച്ച് 1ന് ശേഷം മാത്രം 730 പേര്‍ കൊല്ലപ്പെടുകയും 1,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Highlights: Israeli airstrike in Gaza: Two journalists killed

error: