കാനഡ – അമേരിക്ക താരിഫ് യുദ്ധം; “അമേരിക്കയുമായുള്ള പഴയ ബന്ധം അവസാനിച്ചു”
ഒട്ടാവ(Ottava): അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉയർന്ന താരിഫ് പ്രഖ്യാപനത്തെ ശക്തമായി എതിർത്ത് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയുമായുള്ള സാമ്പത്തികവും സൈനികവുമായ എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കുമെന്ന് കാർണി പ്രഖ്യാപിച്ചു. ട്രംപ് കാനഡയിൽ നിന്നുള്ള വാഹന ഇറക്കുമതിക്ക് 25% അധിക നികുതി ഏർപ്പെടുത്തിയതിനെത്തുടർന്നാണ് കാനഡയുടെ ശക്തമായ പ്രതികരണം. പുതിയ നികുതി അടുത്ത ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരിക.
ട്രംപിന്റെ നടപടിക്ക് തിരിച്ചടിയായി, കാനഡയും അമേരിക്കൻ വ്യവസായങ്ങൾക്ക് വലിയ ആഘാതമേൽപിക്കുന്ന എതിർ താരിഫുകൾ ചുമത്തുമെന്ന് കാർണി വ്യക്തമാക്കി. “കാനഡയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഏപ്രിൽ 28ന് കാനഡയിൽ നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചു. കാബിനറ്റ് യോഗത്തിനായി അദ്ദേഹം ഒട്ടാവയിലേക്ക് മടങ്ങി.
അമേരിക്കയുമായുള്ള ഈ സാമ്പത്തിക യുദ്ധം കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ സ്വാധീനമുണ്ടാക്കും. ട്രംപിന്റെ തീരുമാനം ഇരുരാഷ്ട്രങ്ങളുടെയും സാമ്പത്തിക ബന്ധങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Highlights: Canada – US tariff war; “The old relationship with America is over”