ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യ ആക്രമണം തുടരുന്നതായി സെലന്‍സ്‌കി
കീവ്(Kyiv): റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഈസ്റ്റര്‍ ദിനത്തില്‍ 30 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഉക്രൈനില്‍ ആക്രമണം തുടരുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളായ കുര്‍സ്‌ക്, ബെല്‍ഗൊറോഡ് എന്നിവിടങ്ങളില്‍ ആക്രമണം തുടരുകയാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.
പീരങ്കി ആക്രമണങ്ങള്‍ തുടരുകയാണെന്നും വെടിനിര്‍ത്തല്‍ ലംഘിച്ച് ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും സെലന്‍സ്‌കി ആരോപിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കീവിലും മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയിരുന്നു.
‘റഷ്യ ഇപ്പോള്‍ പെട്ടെന്ന് പൂര്‍ണവും നിരുപാധികവുമായ നിശബ്ദതയില്‍ ഏര്‍പ്പെടാന്‍ തയ്യാറായാല്‍, ഉക്രൈന്‍ അതിനുസരിച്ച് പ്രവര്‍ത്തിക്കും, റഷ്യയുടെ പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കും. നിശബ്ദതയ്ക്ക് മറുപടിയായി നിശബ്ദത, ആക്രമണങ്ങള്‍ക്ക് മറുപടിയായി പ്രതിരോധ ആക്രമണങ്ങള്‍,’ സെലന്‍സ്‌കി എക്സില്‍ എഴുതി.
ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഉക്രൈനില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി പുടിന്‍ പറഞ്ഞത്. സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പുടിന്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം 6 മണി മുതല്‍ ഇന്ന് ) അര്‍ദ്ധരാത്രി വരെ ഉക്രൈനില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നാണ് പുടിൻ നിര്‍ദേശിച്ചത്.
ഈ കാലയളവില്‍ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ പുടിന്‍ സൈനിക മേധാവി വലേരി ജെറാസിമോവിനോട് പറഞ്ഞു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല എന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഉക്രൈന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ചില പ്രദേശങ്ങള്‍ താല്‍ക്കാലികമായി ശാന്തമാണെങ്കിലും അതിര്‍ത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഉക്രൈന്‍ സൈനിക കമാന്‍ഡ് സ്ഥിരീകരിച്ചു.
പുടിന്റെ ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ വാഗ്ദാനം പര്യാപ്തമല്ല എന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയും പ്രതികരിച്ചു. പുടിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളുമായി ഒരിക്കലും പൊരുത്തപ്പെടാറില്ലെന്നും അതിനാലാണ് മുപ്പത് ദിവസത്തിന് പകരം മുപ്പത് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍ ശനിയാഴ്ച റഷ്യയും ഉക്രൈനും പ്രധാന തടവുകാരുടെ കൈമാറ്റം നടത്തി. യു.എ.ഇയുടെ മധ്യസ്ഥതയില്‍ നടന്ന കൈമാറ്റത്തിന്റെ ഭാഗമായി ഓരോരുത്തരും പിടികൂടിയ 246 സൈനികരെ തിരിച്ചയച്ചു.
Highlights: Zelensky says Russia continues attacks despite ceasefire announcement on Easter