HighlightsInternational

‘കയ്യെടുക്കൂ ട്രംപ്’; അമേരിക്കയില്‍ വീണ്ടും ട്രംപിനെതിനെ രാജ്യ വ്യാപക പ്രതിഷേധം

ന്യൂയോർക്ക്(New York): പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് യുഎസ്‌ ജനത. ശനിയാഴ്‌ച യുഎസിലുടനീളം പ്രതിഷേധക്കാര്‍ തെരുവിലറങ്ങി. ട്രംപിന്‍റെ നയങ്ങള്‍ രാജ്യത്തെ ജനാധിപത്യ ആശയങ്ങൾക്ക് ഭീഷണിയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മിഡ്‌ടൗൺ മാൻഹട്ടനിലൂടെയും വൈറ്റ് ഹൗസിന് മുന്നിലൂടെയും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. ഡെൻവറിൽ, കൊളറാഡോ സ്റ്റേറ്റ് കാപ്പിറ്റലിൽ നൂറുകണക്കിന് പ്രതിഷേധക്കാർ കുടിയേറ്റക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാനറുകളുമായി ഒത്തുകൂടി. ട്രംപ് ഭരണകൂടത്തോട് ‘ഹാൻഡ്‌സ് ഓഫ്!’ എന്ന് വിളിച്ചു പറഞ്ഞാണ് പ്രതിഷേധം നടക്കുന്നത്.

ഒറിഗോണിലെ പോർട്ട്‌ലാൻഡ് ഡൗണ്ടൗണിലൂടെയും ആയിരക്കണക്കിന് ആളുകൾ മാർച്ച് നടത്തി. സാൻ ഫ്രാൻസിസ്കോയിൽ പസഫിക് സമുദ്രത്തിലെ മണൽത്തീരത്ത് നൂറുകണക്കിന് ആളുകൾ ചേര്‍ന്ന് ‘ഇംപീച്ച് & റിമൂവ്’ എന്ന് മുദ്രാവാക്യം വിളിച്ചു. യുഎസ് പതാക തലകീഴായി പിടിച്ചും ഇവര്‍ പ്രധിഷേധിച്ചു.

ഫെഡറൽ സർക്കാരിനെ തകര്‍ക്കുന്ന ട്രംപിന്‍റെ ഉപദേഷ്‌ടാവ് എലോൺ മസ്‌കിനെതിരെ ടെസ്‌ല കാർ ഡീലർഷിപ്പുകൾക്ക് പുറത്തും പ്രതിഷേധങ്ങൾ നടന്നു. രണ്ടാഴ്‌ച മുമ്പും രാജ്യവ്യാപകമായി സമാന പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ നടന്നിരുന്നു.

ട്രംപിന്‍റെ പൗരാവകാശ ലംഘനങ്ങളെയും ഭരണഘടനാ ലംഘനങ്ങളെയും എതിർക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കുടിയേറ്റക്കാരെ നാടുകടത്താനും ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനും മുഴുവൻ ഏജൻസികളെയും അടച്ചുപൂട്ടാനുമാണ് ട്രംപ് ശ്രമിക്കുന്നത് എന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയ്ക്ക് ‘രാജാക്കന്മാർ’ വേണ്ട എന്നും സ്വേച്ഛാധിപത്യത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്തണമെന്നും അവര്‍ ആഹ്വാനം ചെയ്‌തു.

Highlights: PROTEST AGAINST DONALD TRUMP

error: