ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികൾക്ക് ജാമ്യം
പാലക്കാട്(palakkad): അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം നൽകിയത്. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നൽകിയത്.
പ്രതികൾ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചത്.
വാഹനത്തിന് മാർഗതടസം ഉണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു മർദനം. ആക്രമണം ചെറുത്തതോടെ യുവാക്കൾ കെട്ടിയിട്ട് മർദിച്ചെന്നായിരുന്നു സിജുവിൻ്റെ പരാതി. മർദനത്തിൽ സാരമായി പരിക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലാണ്. മകനെ മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിജുവിൻ്റെ കുടുംബം രംഗത്തെത്തിയതോടെ, അഗളി പൊലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു.
Highlights: “Adivasi youth tied up and beaten; Accused granted bail”