മരം നട്ട് പണം നേടാം; ഹരിത മേലാപ്പിനായി ‘ ട്രീ ബാങ്കിംഗ്’ പദ്ധതി
പ്രകൃതി സംരക്ഷണത്തിനൊപ്പം വ്യക്തികളുടെ സാമ്പത്തിക ഉന്നതിയും ലക്ഷ്യമിട്ട് ട്രീ ബാങ്കിംഗ് പദ്ധതിയുമായി സംസ്ഥാന വനം വകുപ്പ്. സ്വകാര്യ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അത് പരിപാലിക്കുന്നവർക്ക് സാമ്പത്തിക സഹായവും നൽകുന്നതാണ് പദ്ധതി. പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് പത്തുമുതൽ 1000 വൃക്ഷത്തൈകൾ വരെയാണ് ഒരുവ്യക്തിക്ക് വനം വകുപ്പ് നൽകുന്നത്.
എന്താണ് ട്രീ ബാങ്കിംഗ് പദ്ധതി ?
സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും അവ പരിപാലിക്കുന്നതിനും വനം വകുപ്പ് വൃക്ഷതൈകളും സാമ്പത്തിക സഹായവും നൽകുന്ന പദ്ധതിയാണ് ട്രീ ബാങ്കിംഗ് പദ്ധതി. വൃക്ഷതൈകളുടെ പരിപാലനത്തിന് വായ്പ നൽകുന്ന പദ്ധതിയാണിത്. തൈകൾക്ക് മൂന്ന് വർഷം മുതൽ 15 വർഷം വരെയാണ് വായ്പ നൽകുന്നത്. 15 വർഷത്തിന് ശേഷം മരം ഉടമവെട്ടി വിൽക്കുമ്പോൾ വായ്പ തുക തിരിച്ചടച്ചാൽ മതിയാകും. ഇതിന് പലിശയില്ല.
സംസ്ഥാനത്ത് സ്വകാര്യഭൂമികളിൽ മരങ്ങളുടെ വിസ്ത്യതി വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ വനം വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കാർബൺ ന്യൂട്രൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ട്രീ ബാങ്കിംഗ് ആവിഷ്ക്കരിച്ചത്.
വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചന്ദനം, തേക്ക്, ഈട്ടി, മഹാഗണി,വെള്ളമരുത്, ആഞ്ഞിലി, കുമ്പിൾ, കരിമരുത്, കമ്പകം, വെൺതേക്ക്, വേപ്പ്,ഐനി, മാവ്, പ്ലാവ്, തുടങ്ങി വിവിധ മരങ്ങളാണ് പദ്ധതി പ്രകാരം വനംവകുപ്പ് വിതരണം ചെയ്യുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം
സ്വന്തമായി ഭൂമിയുള്ളവർക്കും പതിനഞ്ച് വർഷം പാട്ടത്തിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിക്കായി അപേക്ഷിക്കാം. അപേക്ഷകന്റെ ഭൂമിക്ക് സമീപമുള്ള സോഷ്യൽ ഫോറസ്ട്രി ഓഫീസ് വഴിയാണ് പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ടത്. ഓരോ വൃക്ഷത്തെകൾക്കും പ്രതിവർഷം വനം വകുപ്പ് ധനസഹായം നൽകും. മരങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ധനസഹായം നിശ്ചയിച്ചിരിക്കുന്നത്.
Highlights: Earn money by planting trees; ‘Tree Banking’ project for green canopy