നിയമസഭയില്‍ വാക്‌പോര്
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്റെ പ്രശ്‌നം അറിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമസഭ ചേര്‍ന്ന അടിയന്തിര പ്രമേയ ചര്‍ച്ചയിലായിരുന്നു വാക്‌പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്റെ പ്രശ്‌നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങള്‍ക്കും പിന്നില്‍ ലഹരിയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ലഹരിക്ക് അടിമകള്‍ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. വിപത്തിനെ നേരിടാന്‍ ഒരുമിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാരറിനെയും കുറ്റപ്പെടുത്തി.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പുതിയ മദ്യ നയം വ്യാപകമായി മദ്യം ഒഴുക്കുമെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, എസ്എഫ്‌ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ക്യാമ്പസില്‍ റാഗിങ്ങിന് പിന്നില്‍എസ്എഫ്‌ഐ ആണെന്ന വിമര്‍ശത്തിന് പിന്നാലെ ഭരണപക്ഷം ബഹളം വെച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഷുഭിതനായത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്റെ പ്രശ്‌നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.