നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പിപി ദിവ്യ; കുറ്റപത്രം സമർപ്പിക്കും
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യക്കെതിരായ കുറ്റപത്രം പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും. പി പി ദിവ്യ മാത്രമാണ് കേസിലെ ഏകെ പ്രതി. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിലുണ്ട്. ആത്മഹത്യയ്ക്ക് കാരണം ദിവ്യയുടെ പ്രസംഗമാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം തെളിവായും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യക്ക് പുറമെ മറ്റാരെയും പ്രതിചേർക്കാനുള്ള തെളിവുകൾ ഇല്ല. ദിവ്യയുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. അതേ സമയം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു.