Kerala

കോഴിക്കോട് ലോ കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. അൽഫാനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് അൽഫാൻ പിടിയിലായത്.

ഫെബ്രുവരി 24നാണ് തൃശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ(20) കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു.

പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷിക്കുന്നതിനിടെ അൽഫാൻ ഒളിവിൽപോയിരുന്നു. ഇയാൾക്കെതിരെ തെളിവുകൾ കിട്ടിയിരുന്നില്ല. എന്നാൽ, ഒളിവിൽ പോയതോടെ അൽഫാന് വേണ്ടി വ്യാപക തെരച്ചിൽ പൊലീസ് നടത്തിയിരുന്നു.

മരിച്ച മൗസ മെഹ്റിസിന്‍റെ ഫോൺ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച എന്തെങ്കിലും വിവരം അൽഫാനിൽ നിന്ന് കിട്ടുമോ എന്നാണ് പൊലീസ് നോക്കുന്നത്.

മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു. ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു.

എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല) ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:1056, 0471-2552056)

error: