KeralaLocal

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് യുവാക്കള്‍



തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്ത് നാലംഗസംഘം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജംങ്ഷന് സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പിലായിരുന്നു ആക്രമണം.

പുലര്‍ച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ പുറത്തുവരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഗ്ലാസുകളും വാതിലുകളും കട്ടകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയായിരുന്നു.

ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. പ്രതികളെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കി.

ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ഇന്നലെ വൈകീട്ടെത്തി ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍, ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ നല്‍കരുതെന്നാണ് നിയമം.

error: