വ്യാജ ലഹരി കേസിൽ ഷീലാ സണ്ണിയെ കുടുക്കിയ കേസ്; പ്രത്യേക സംഘത്തിൻ്റെ അന്വേഷണം ആരംഭിച്ചു
തൃശൂർ: ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ഡിജിപിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഷീലാ സണ്ണിയിൽ നിന്നും പൊലീസ് മൊഴിയെടുക്കുന്നു. കൊടുങ്ങല്ലൂർ എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് മൊഴിയെടുക്കുന്നത്.
ഷീല സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ് വ്യാജ ലഹരി കേസിലെ പ്രതി. എറണാകുളം സ്വദേശിയായ പ്രതി നാരായണദാസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു
2023 മാർച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറിൽ നിന്നും ബാഗിൽ നിന്നും വ്യാജ ലഹരി വസ്തുക്കൾ പിടികൂടുന്നത്. 72 ദിവസം ഷീലാ സണ്ണി ജയിലിൽ കഴിഞ്ഞു. എന്നാൽ പിന്നീട് നടത്തിയ രാസ പരിശോധനയിലാണ് ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായത്. ഇതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.
നാരായണദാസാണ് ഷീലയുടെ വാഹനത്തിൽ ലഹരിയുള്ള കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ വാഹനത്തിൽ ലഹരി വെച്ചത് നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിന്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് എക്‌സൈസിനെ അറിയിച്ചത്.