Kerala

കാറില്‍ നിന്ന് കണ്ടെടുത്തത് ഹെറോയിനും കഞ്ചാവും, പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ അറസ്റ്റില്‍; ശൃംഖല തേടി അന്വേഷണം

കൽപ്പറ്റ: നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളി ഉള്‍പ്പെടെ മൂന്നുപേര്‍ ഹെറോയിനും കഞ്ചാവുമായി കൽപ്പറ്റയിൽ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ്  (23), തിരൂരങ്ങാടി പള്ളിക്കൽ സ്വദേശി ടി ഫായിസ് മുബഷിർ (30) എന്നിവരാണ് അറസ്റ്റിലായത്.

മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നഗരത്തിൽ ജനമൈത്രി ജംഗ്ഷനിൽ പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.


മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച KL 54 J 0279 നമ്പറിലുള്ള ഹ്യൂണ്ടായി കാറും മയക്കുമരുന്ന് വിൽപ്പനക്കായി ഇടപാടുകാരെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിൽ മുഹമ്മദ് ആഷിഖ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയാണ്. ഇയാൾക്കെതിരെ മലപ്പുറം, എറണാകുളം ജില്ലകളിലായി മയക്കുമരുന്ന് കേസ് ഉണ്ട്.  300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ആഷിഖിനെ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കുക്കയായിരുന്നു. നിലവില്‍ കൊച്ചി  സിറ്റി പൊലീസ്  ഉദ്യോഗസ്ഥർ എത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു. പിടിയിലായ സംഘവുമായി ബന്ധപ്പെട്ട മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് അറിയിച്ചു.

error: