വിദ്വേഷ പരാമർശം; മൂവാറ്റുപുഴയിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്വേഷ പരാമർശം നടത്തിയ സിപിഐഎം നേതാവിനെതിരെ കേസ്. ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ എം ജെ ഫ്രാൻസിസിനെതിരെയാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് കമന്റിലൂടെ കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് വിദ്വേഷ പരാമർശം നടത്തിയത്.
സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‌ലിം വിഭാഗത്തിനാണ് എന്നായിരുന്നു എം ജെ ഫ്രാൻസിസ് കമന്റ് ചെയ്തത്. ‘ഈ സമൂഹത്തിൽ ഏറ്റവും ക്രിമിനൽ സ്വഭാവമുള്ളത് മുസ്ലിങ്ങൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി, അതുപോലെ എല്ലാവർഷവും നോമ്പ് നോറ്റ് പകൽ മുഴുവൻ ഉമിനീര് രാത്രി മുഴുവൻ നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാൽ ഒരു വർഷക്കാലം പ്ലാൻ ചെയ്ത പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്’ എന്നാണ് ഫ്രാൻസിസ് ഫേസ്ബുക്കിൽ കമന്റ് ചെയ്തത്.
പരാമർശം വിവാദമായതോടെ ഫ്രാൻസിസിനെ തള്ളി സിപിഐഎം മൂവാറ്റുപുഴ ഏരിയാകമ്മിറ്റി രംഗത്തെത്തിയിരുന്നു.
എസ്ഡിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി കൊടുത്ത പരാതിയിലാണ് കേസ്. വെൽഫെയർ പാർട്ടിയും പരാതി നൽകിയിരുന്നു.