റാഗിംഗ് തടയാൻ കര്‍ശന നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി(KOCHI): സംസ്ഥാനത്ത് റാഗിംഗ് തടയുന്നതിനായി സർക്കാർ കര്‍ശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഹർജിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയും നൽകിയ കക്ഷിചേരൽ അപേക്ഷകൾ കോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല. കർമ്മസമിതി രൂപീകരണം വേഗത്തിൽ നടപ്പാക്കണമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അപേക്ഷകർക്ക് കർമ്മസമിതിക്ക് മുന്നിൽ വിവരങ്ങൾ അവതരിപ്പിക്കാമെന്നായിരുന്നു കോടതി നിലപാട്.
സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിംഗ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരം കേസുകളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ലെന്നതായിരുന്നു അതോറിറ്റിയുടെ ആക്ഷേപം.
Highlights: Petition Seeking Strict Action to Prevent Ragging to be Considered Again in High Court Today