കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുന്നു, ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ നല്ലത്; കെ രാധാകൃഷ്ണൻ എംപി
തിരുവനന്തപുരം(TRIVANDRUM): നിറത്തെ ആസ്പദമാക്കി ഇപ്പോഴും സമൂഹത്തിൽ തുടരുന്ന വിവേചനങ്ങൾക്കെതിരെ തുറന്നുപറച്ചിലുകൾ ആവശ്യമാണെന്ന് കെ. രാധാകൃഷ്ണൻ എംപി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പ്രതികരണം പ്രധാനമാണെന്നും ഇത്തരത്തിലുള്ള ചർച്ചകൾ സാമൂഹികമായ മാറ്റങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.
നിറത്തിന്റെ പേരിൽ ലോകമെമ്പാടും വിവേചനം ഉണ്ടെന്നും അതോടൊപ്പം, ഇന്ത്യയിൽ ജാതിയെ അടിസ്ഥാനമാക്കിയുള്ള അവഗണനയും തുടരുന്നുണ്ടെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. വെളുത്ത നിറത്തിന്റെ ആധിപത്യം അടിച്ചേൽപ്പിച്ചവരാണ് നമ്മളോട് ‘വെളുപ്പാണ് ശരി’ എന്ന് പറഞ്ഞത്. അതുകൊണ്ടാണ് സമൂഹം അതിനായി ശ്രമിച്ചതെന്നും, കറുപ്പിനെതിരായ സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വലിയ ചർച്ചക്ക് വഴിവെച്ചു. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവിനെയും തന്നെയും നിറത്തിന്റെ പേരിൽ താരതമ്യപ്പെടുത്തിയ അനുഭവം പങ്കുവച്ചാണ് അവർ പ്രതികരിച്ചത്. നാല് വയസ്സുള്ളപ്പോൾ അമ്മയോട് ‘ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ജനിപ്പിക്കുമോ?’ എന്ന് ചോദിച്ചിരുന്നതായി ശാരദാ മുരളീധരൻ കുറിച്ചു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ മനസാക്ഷിയില്ലായിരുന്നുവെന്നും അതിനെ തിരുത്തിയത് അവരുടെ മക്കളാണെന്നും അവർ കൂട്ടിച്ചേർത്തു.
ചീഫ് സെക്രട്ടറിയുടെ പ്രതികരണത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിലനിലക്കുന്ന നിറവിവേചനം മാറ്റാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇത്തരത്തിലുള്ള തുറന്ന ചർച്ചകൾ പുതിയ ബോധ്യങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള അഭിപ്രായം ശക്തമാവുകയാണ്.
Highlights: k radhakrishnan supports Sarada Muraleedharan