കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ്; പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി
കോട്ടയം(Kottayam): ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ രൂക്ഷമായ റാഗിങ് കേസിൽ കുടുക്കപ്പെട്ട അഞ്ച് വിദ്യാർഥികൾക്ക് കോട്ടയം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്, എൻ വി വിവേക് എന്നിവരാണ് ജാമ്യം ലഭിച്ച പ്രതികൾ. പ്രായം കുറഞ്ഞവരെന്നതിന്റെയും മുമ്പ് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഇളവ് നൽകിയത്.
രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷമാണ് സംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഏറ്റവും വലിയ തെളിവായത് പ്രതികൾ പകർത്തിയ പീഡന ദൃശ്യങ്ങളാണ്.
ഹോസ്റ്റൽ മുറിയിൽ കൂട്ടമായി ചേർന്ന് ജൂനിയർ വിദ്യാർഥിയെ മാനസികവും ശാരീരികവുമായ ക്രൂരപീഡനത്തിന് വിധേയരാക്കുകയും സംഭവം പുറത്തറിയാതിരിക്കാനായി ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ തുടങ്ങിയ പീഡനങ്ങൾ ഫെബ്രുവരി 11 ന് അറസ്റ്റ് നടപ്പിലാകുന്നതുവരെ തുടർന്നുവെന്നാണ് റിപ്പോർട്ട്.
45 ദിവസത്തെ നിരന്തര പരിശ്രമത്തിലാണ് ഗാന്ധിനഗർ എസ്‌എച്ച്ഒ ടി എസ് ശ്രീജിത്ത് നയിച്ച അന്വേഷണം സംഘം കുറ്റപത്രം തയ്യാറാക്കിയതും കോടതിയിൽ സമർപ്പിച്ചതും. 40 സാക്ഷികൾ, 32 രേഖകൾ എന്നിവയും അന്വേഷണത്തിൽ ഉൾപ്പെടുത്തി.
തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ച പ്രതികൾ പിന്നീട് പുറത്തിറങ്ങി.
Highlights: Ragging at Kottayam Nursing College; Court grants bail to accused students