ഷൈനിൻ്റെ പിന്നാലെ പോവാനില്ലെന്ന് പൊലീസ്; നിലവിൽ കേസില്ല
കൊച്ചി(Kochi): ഹോട്ടലിലെ പരിശോധനയ്ക്കിടയിൽ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ്. ഷൈൻടോം ചാക്കോക്കെതിരെ നിലവിൽ കേസില്ലെന്ന് എസിപി അബ്ദുൽ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയിൽ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടീസ് നൽകുന്ന കാര്യം മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
അതേസമയം, സിനിമ സെറ്റിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടിയിരിക്കുകയാണ് എക്സൈസ്. എന്നാൽ സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബം നിലപാട് അറിയിച്ചിരിക്കുന്നത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. നിയമനടപടികൾക്ക് താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. അതേ സമയം ഇന്നലെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട ഷൈനിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ ഇന്നലെ നടന്ന രാമു കാര്യാട്ട് അവാർഡ് നൈറ്റിൽ ഷൈൻ ടോം ചാക്കോ പങ്കെടുത്തിട്ടില്ല.