HighlightsKerala

വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കല്‍: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍

കൊച്ചി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ്. ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ എല്‍സ്റ്റണ്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.


567 കോടി രൂപയുടെ മൂല്യം എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിക്കുണ്ടെന്നും അത്തരത്തിലുള്ള വില കണക്കാക്കാതെയാണ് സര്‍ക്കാര്‍ നഷ്ടപരിഹാര തുക നിശ്ചയിച്ചതെന്നും അത് പ്രകാരം എസ്റ്റേറ്റ് വിട്ടുനല്‍കുന്നത് തങ്ങള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുമെന്ന് എല്‍സ്റ്റണ്‍ പറയുന്നു.

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാമെന്നും ഇതിനായി 17 കോടി രൂപകൂടി സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നേരത്തേ കെട്ടിവച്ച 26.51 കോടി രൂപക്ക് പുറമേയാണിത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിനുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വയനാട് ജില്ലാ കളക്ടര്‍ ഭൂമി ഏറ്റെടുത്തത്.

കോടതിയുടെ ഇടക്കാല നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച 26.51 കോടി ഹൈക്കോടതിയില്‍ കെട്ടിവച്ച് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ഉദ്ഘാടനം നടത്താന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഏറ്റെടുക്കുന്ന 78.73 ഹെക്ടര്‍ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നും നഷ്ടപരിഹാരം ന്യായമല്ലെന്നുമാണ് എല്‍സ്റ്റണിന്റെ വാദം. എല്‍സ്റ്റണിന്റെ എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തടസ ഹർജി സമര്‍പ്പിച്ചിരുന്നു.

Highlights: Land acquisition for Wayanad rehabilitation: Elston Estate appeals to Supreme Court against High Court order

error: