കൊല്ലത്ത് വാക്സിനെടുത്തിട്ടും 7 വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം(Thiruvananthapuram): കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ആവർത്തിക്കുന്നത്. ഏപ്രിൽ മാസത്തിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. അതിലും വാക്സിനെടുത്തവർ ഉൾപ്പെട്ടിരുന്നു.
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് കുന്നിക്കോട് സ്വദേശിയായ കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചു. അപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്.
അതേസമയം നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല. പെൺകുട്ടിക്ക് പേവിഷബാധ ഏറ്റതോടെ പ്രദേശത്ത് മറ്റാർക്കെങ്കിലും നായയുടെ കടിയേറ്റോയെന്ന് അന്വേഷിക്കുന്നുണ്ട്. മാർച്ച് 29 നാണ് സിയയ്ക്ക് നായയുടെ കടിയേറ്റത്. പെരുന്നാൾ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്സിൻ നൽകി. മുറിവ് ഉണങ്ങി വരുന്നതിനിടെ പനി ബാധിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
Highlights:A 7-year-old girl in Kollam was confirmed to have rabies despite being vaccinated.