കേരളത്തിൽ ഒന്നാം ഘട്ട സിവിൽ സർവീസ് പരീക്ഷ 25 ന്
തിരുവനന്തപുരം(Thiruvananthapuram): യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാംഘട്ടം കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് 25 ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ട് സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ്, സിവിൽ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ ഫലമായിരുന്നു പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കായിരുന്നു.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സർവീസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒബിസി വിഭാഗത്തിൽ നിന്ന് 318 പേരും എസ്‌സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐഎഎസും 55 പേർക്ക് ഐഎഫ്എസും 147 പേർക്ക് ഐപിഎസും ലഭിക്കും. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും.
Highlights: First phase of civil service exam in Kerala on 25th