Kerala

വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിര്‍മാണമാണ് തകര്‍ച്ചക്കുള്ള കാരണം; ബിനോയ് വിശ്വം

തിരുവനന്തപുരം(Thiruvananthapuram): വയലും നീരൊഴുക്കും ഇല്ലാതാക്കിയുള്ള നിര്‍മ്മാണമാണ് ദേശീയ പാതയിലെ തകര്‍ച്ചക്കുള്ള കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വര്‍ഷത്തില്‍ പകുതിയോളം കാലം മഴപെയ്യുന്ന കേരളത്തിലെ കാലാവസ്ഥാപ്രത്യേകതകള്‍ പരിഗണിക്കാത്ത എന്‍ എച്ച് എ ഐ അധികാരികളും കോണ്‍ട്രാക്ടര്‍മാരും ഈ കൊടിയ നാശത്തിന് ഉത്തരം പറയണം. കേരളത്തിലെ വയലുകളും നീരാഴുക്കുകളും ഇല്ലാതാക്കിക്കൊണ്ട് ദേശീയപാത നിര്‍മിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് മലപ്പുറം ജില്ലയിലെ റോഡുകള്‍ തകരാന്‍ കാരണമെന്ന് ബിനോയ് വിശ്വം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഹൈവേ വികസനം കേരളത്തില്‍ അസാധ്യമെന്ന് പറഞ്ഞ് ഇട്ടേച്ച് പോയവരാണ് അവര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി മൂലമാണ് ആ നിലപാട് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായത്. ഇവിടുത്തെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഹൈവേ പണിയേണ്ടത് എങ്ങനെയെന്ന് അറിയാനുള്ള എന്‍ജിനീയറിങ് വൈദഗ്ധ്യം എന്‍എച്ച്എഐയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥ മേധാവികളുടെയും കരാറുകാരുടെയും ലാഭം മാത്രം നോക്കി ഹൈവേ പണിയുന്നവര്‍ക്ക് വയലുകളും നീരൊഴുക്കുകളും ജനജീവിതവും പ്രശ്‌നമായിരുന്നില്ല. അതിന്റെ വിലയാണ് ഇപ്പോള്‍ നാടും ജനങ്ങളും നല്‍കേണ്ടി വരുന്നത്. ഹൈവേ തകര്‍ച്ച മൂലം പ്രയാസം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Highlights: Construction that destroyed fields and watercourses is the reason for the collapse: Binoy Vishwam

error: