ഇഡി കൈക്കൂലി കേസ്; മുൻകൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ
കൊച്ചി(Kochi): ഇഡി ഉദ്യോഗസ്ഥൻ പ്രതിയായി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലി കേസിൽ മുൻകൂര്‍ ജാമ്യം തേടി ഇഡി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികപട്ടികയിൽ ഉള്‍പ്പെട്ട ഇഡി ഉദ്യോഗസ്ഥൻ ശേഖര്‍ കുമാറാണ് ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. താൻ നിരപരാധിയാണെന്നാണ് ഹര്‍ജിയിൽ ശേഖര്‍ കുമാര്‍ പറയുന്നത്. കേസിൽ പ്രതിചേര്‍ത്തത് ദുരുദ്ദേശത്തോടെയാണെന്നും ഹര്‍ജിയിലുണ്ട്.
24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ആളുടെ പരാതിയിലാണ് തനിക്കെതിരായ കേസ്. കേസിൽ പ്രതിചേർക്കപ്പെട്ടവരുമായി ഒരു ഘട്ടത്തിലും താൻ ബന്ധപ്പെട്ടിട്ടില്ലെന്നും ശേഖര്‍ കുമാര്‍ ഹര്‍ജിയിൽ പറയുന്നു. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. കോടതി പറയുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കാമെന്നും ജാമ്യം നൽകണമെന്നും മുൻകൂർ ജാമ്യ അപേക്ഷയിൽ ശേഖർ കുമാർ പറയുന്നു.
അതേസമയം, ഇഡി കൈക്കൂലി കേസിൽ പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് വിജിലന്‍സ് എസ്പി ശശിധരൻ പറഞ്ഞു. അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് വിജിലന്‍സ് നടത്തുന്നത്. കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇഡിക്ക് നൽകിയ നോട്ടീസിന് മറുപടി കിട്ടിയിട്ടില്ലെന്നും ശശിധരൻ പറഞ്ഞു.
Highlights: ED bribery case; ED officer moves High Court seeking anticipatory bail