Local

റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഇടുപ്പ് സന്ധി മാറ്റിവെച്ചു: ചരിത്രം സൃഷ്ടിച്ച് കാരിത്താസ് ആശുപത്രി


കോട്ടയം: എന്‍ഹാന്‍സ്ഡ് ഹിപ് പ്രോട്ടോകോള്‍ ഉപയോഗിച്ച് ഒരേസമയം രണ്ട് ഇടുപ്പ് സന്ധികളും റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് കാരിത്താസ് ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. പുനലൂര്‍ സ്വദേശിനിയായ നാല്പതിനാല് വയസുള്ള യുവതി രണ്ട് ഇടുപ്പ് സന്ധികളുടെ തീവ്രവേദനയും നടക്കാനുള്ള ബുദ്ധിമുട്ടുമായാണ് കാരിത്താസ് ആശുപത്രിയിലെത്തിയത്.

സന്ധിവാതം ബാധിച്ച് ഈ യുവതിയുടെ രണ്ട് ഇടിപ്പ് സന്ധികളും ഒരേ സമയം പൂര്‍ണമായും തേഞ്ഞു പോയതായിരുന്നു. തുടര്‍ന്നാണ് രണ്ട് സന്ധികളും ഒരേ സമയം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാനായി തീരുമാനിച്ചത്. സാധാരണയായി ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടും. ഇതില്‍ പ്രധാനമായവ കൃത്രിമ സന്ധിയുടെ അസ്ഥിരത കാലുകളുടെ നീളത്തിലുണ്ടകുന്ന വ്യത്യാസം, കൃത്രിമ സന്ധിയുടെ ചലന ശേഷിക്കുറവ് എന്നിവയാണ്. അത്യാധുനിക റോബോട്ടിക് ശസ്ത്രകിയയിലൂടെ ഈ പ്രശ്‌നങ്ങള്‍ എതാണ്ട് പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.

എന്‍ഹാന്‍സ്ഡ് ഹിപ് പ്രോട്ടോകോള്‍ എന്ന അതി നൂതന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ശസ്ത്രക്രിയക്കുശേഷം പിറ്റേദിവസം തന്നെ രോഗിയെ നടത്തിക്കുവാനും ഏതാനും ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്യുവാനും ഇതുമൂലം സാധിക്കും. മധ്യകേരളത്തിലെ ആദ്യ റോബോട്ടിക് ഇടുപ്പ് സന്ധി മറ്റിവയ്ക്കക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കാരിത്താസ് ആശുപത്രിക്ക് സാധിച്ചതായി ഡയറക്ടര്‍ ഡോ. ബിനു കുന്നത്ത് അറിയിച്ചു. ശസ്ത്രക്രിയക്ക് സിനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആനന്ദ് കുമരോത്ത്, സീനിയര്‍ സ്പെഷലിസ്റ്റ് ഡോ. ജോര്‍ജ് മോനി, അനസ്തീസിയോളജിസ്റ്റ് ഡോ. രശ്മി ജോര്‍ജ്, ഓര്‍ത്തോപീഡിക് സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരാണ് പങ്കാളികളായത്.

error: