മാലിന്യം വലിച്ചെറിഞ്ഞാൽ പണികിട്ടും;നടപടികൾ ശക്തമാക്കി ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ്
തൃശൂർ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാലിന്യം വലിച്ചെറിയുന്ന ആളുകളെ കണ്ടെത്തൽ ശക്തിപെടുത്തി. വഴിയോരങ്ങളിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്ന മാലിന്യം പരിശോധന നടത്തി അത് വഴി തെളിവുകൾ ശേഖരിച്ചു വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ചുമത്തി നോട്ടീസ് നൽകും.
അയ്യന്തോൾ റോഡിലെ പരിസരത്ത് മാലിന്യം നിക്ഷേപിച്ച ആളെ ഇന്ന് നടന്ന പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിൽ നേരിട്ട് പോയി നോട്ടീസ് നൽകി. ഇത്തരം പരിശോധന ശക്തിപെടുത്തി വലിച്ചെറിയുന്നവരെ കണ്ടെത്തി കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പൽ ആക്ട് പ്രകാരം നോട്ടീസ് നൽകി പിഴ ഈടാക്കും.
പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, തൃശൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു എന്നിവർ പങ്കെടുത്തു. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ എന്നിവ കണ്ടാൽ തെളിവുകളോടെ 9446700800 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചാൽ പിഴ അടക്കുന്ന തുകയുടെ 25% അല്ലെങ്കിൽ പരമാവധി 2500രൂപ പാരിതോഷികം ലഭിക്കുന്നതാണ്.