സംസ്ഥാനത്ത് മലപ്പുറത്തും പത്തനംതിട്ടയിലും വാഹനാപകടം; യുവതിയുൾപ്പെടെ 2 മരണം
മലപ്പുറം(Malappuram): സംസ്ഥാനത്ത് മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം വാളക്കുളം സ്വദേശി മുബഷിറയാണ് (35) മരിച്ചത്.
ഭർത്താവ് മൻസൂറിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാത്രി മലപ്പുറം എടരിക്കോടാണ് അപകടമുണ്ടായത്. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
പത്തനംതിട്ട റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടം.
അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് എടുത്താണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
Highlights: Two people including a young woman died in a road accident in Malappuram and Pathanamthitta in the state