യു.പിയിലെ സീതാപൂരില്‍ ബൈക്കിലെത്തിയ അക്രമികള്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു. പ്രാദേശിക ഹിന്ദി ദിനപത്രത്തിന്റെ പത്രപ്രവര്‍ത്തകനായ രാഘവേന്ദ്ര വാജ്പേയിയാണ് കൊല്ലപ്പെട്ടത്.
സീതാപൂര്‍, ദല്‍ഹി ദേശീയ പാതയില്‍ ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയായിരുന്നു സംഭവം. ഇമാലിയ സുല്‍ത്താന്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഹെപൂര് റെയില്‍വേ ക്രോസിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലാണ് ആക്രമണം നടന്നത്.
പത്രപ്രവര്ത്തകന് മറ്റൊരു ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ അക്രമി സംഘം സ്ഥലത്തെത്തുകയും വാജ്പേയിക്കെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ തോളിലും നെഞ്ചിലുമായി തുളച്ചുകയറിയെന്നും പിന്നാലെ അക്രമികള്‍ സംഭവസ്ഥലത്തുനിന്നും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും സീതാപൂര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ പറഞ്ഞു.