National

ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി (New Delhi): ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. സുപ്രീം കോടതി വെബ്‌സൈറ്റിലാണ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്തത്. തെളിവുകളടങ്ങുന്ന റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. പണം കണ്ടെത്തിയതിന്റെ ഫോട്ടോയും ഒപ്പം യശ്വന്ത് വർമയുടെ വിശദമായ പ്രതികരണവും പുറത്തുവിട്ട  റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ.എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഹൈക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്.

എന്നാൽ, സ്റ്റോർ റൂമിൽ കണ്ടെത്തിയ പണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യശ്വന്ത് വർമയുടെ വിശദീകരണം. പണം തന്റേതല്ലെന്നും അത് സ്റ്റോർ റൂമിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചീഫ് ജസ്റ്റിസിന് നൽകിയ ഔപചാരിക പ്രതികരണത്തിൽ യശ്വന്ത് വർമ പറഞ്ഞു.

Highlights: Supreme Court releases report on money found at High Court judge’s residence

error: