ഒഡീഷയിലും ക്രൈസ്തവർക്ക് നേരെ ആക്രമണം; മലയാളി വൈദികനടക്കം പരിക്കേറ്റു
ഭുവനേശ്വർ(BHUBANESWAR): ഒഡീഷയിലും മലയാളി വൈദികന് മർദനമേറ്റു. ബെഹരാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്.
സമീപത്തെ ഗ്രാമത്തിൽ കഞ്ചാവ് കണ്ടെത്താനുള്ള പരിശോധനക്കിടെ ഒഡീഷ പോലീസ് പള്ളിയിൽ കയറി മർദിക്കുകയായിരുന്നു. പോലീസ് ക്രൂരമായി മർദിച്ചെന്നും, പള്ളിയിൽനിന്നും പണം അപഹരിച്ചെന്നും ഫാ ജോഷി ജോർജ് പറഞ്ഞു.
മാർച്ച് 22ന് ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയ്ക്കെത്തിയ പൊലീസ് പള്ളിയിൽ കയറി തന്നെയും സഹവികാരിയെയും മർദിക്കുകയായിരുന്നു ഫാ. ജോഷി ജോർജ് പറഞ്ഞു. പാകിസ്ഥാനിൽ നിന്നും വന്ന് മതപരിവർത്തനം നടത്തുന്നുവെന്നുൾപ്പെടെ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. പരിസരത്തെ ഗ്രാമങ്ങളിൽ നടന്ന കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസ് പള്ളിയിലേക്ക് കയറിവന്ന് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിക്കാൻ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കും സഹ വികാരിക്കും ക്രൂരമായ മർദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇവരെ ഗ്രാമത്തിലേക്ക് പിടിച്ചുകൊണ്ടുപോയി മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ച് അപമാനിച്ചു. ചോദ്യം ചെയ്ത സഹവികാരിക്ക് ക്രൂരമായ മർദനമേറ്റു. അദ്ദേഹത്തിന്റെ തോളെല്ലിന് പരിക്കുണ്ട്. സഹവികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് സംഘം പള്ളിയിലെ ഓഫീസിൽ കയറി 40,000 രൂപ അപഹരിച്ചുവെന്നും ഫാ. ജോഷി ജോർജ് പറഞ്ഞു. സംഭവത്തിൽ ഫാ ജോഷി ജോർജ് പോലീസിൽ പരാതി നൽകിയിട്ടില്ല. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈദികൻ പറഞ്ഞു.
Highlights: Attacks against Christians in Odisha; Injuries reported, including to a Malayali priest.