National

വഖഫ് ബില്ലിനെ പിന്തുണച്ചു; മണിപ്പൂരില്‍ ബിജെപി നേതാവിന്‍റെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

ഇംഫാൽ(Imfal): വഖഫ് ബില്ലിനെ പിന്തുണച്ച ബിജെപി ന്യൂനപക്ഷ മോർച്ചയുടെ മണിപ്പൂർ പ്രസിഡൻ്റ് അസ്‌കർ അലിയുടെ വീടിന് ഒരു കൂട്ടം ആളുകൾ തീയിട്ടു. ഇന്നലെ (ഏപ്രിൽ 06) രാത്രിയാണ് സംഭവം. തൗബാൽ ജില്ലയിലെ ലിലോങ്ങിലുള്ള അസ്‌കർ അലിയുടെ വസതിക്ക് ഒരു കൂട്ടം ആളുകൾ തീയിടുകയായിരുന്നു. ശനിയാഴ്‌ച സമൂഹമാധ്യമത്തിലൂടെ അലി വഖഫ് ബില്ലിനെ പിന്തുണച്ചിരുന്നു.

ഞാറാഴ്‌ച രാത്രി 9 മണിയോടുകൂടി അദ്ദേഹത്തിൻ്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനം വീട് നശിപ്പിക്കുകയും പിന്നീട് തീയിടുകയും ചെയ്‌തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെത്തുടർന്ന് തൻ്റെ മുൻ പ്രസ്‌താവന അലി പിൻവലിക്കുകയും ക്ഷമാപണം നടത്തി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വഖഫ് ബില്ലിനെ അദ്ദേഹം എതിർക്കുകയും ചെയ്‌തു.

നേരത്തെ ഇംഫാൽ താഴ്‌വരയുടെ വിവിധ സ്ഥലങ്ങളിൽ വഖഫ് ബില്ലിനെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. ലിലോങ്ങിൽ 5,000-ത്തിലധികം ആളുകൾ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. ചില പ്രദേശങ്ങളിൽ സുരക്ഷാ സേനയുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു.

തൗബാലിലെ ഇറോങ് ചെസബയിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. വഖഫ് ബില്ല് ഭരണഘടനയുടെ ധാർമികതയ്ക്ക് വിരുദ്ധമാണെന്നും ഇത് മുസ്‌ലിം സമൂഹത്തിന് പൂർണമായും സ്വീകരിക്കാൻ കഴിയാത്തതുമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഇംഫാൽ ഈസ്റ്റിലെ ക്ഷത്രി അവാങ് ലെയ്‌കായ്, കൈരാങ് മുസ്‌ലിം, കിയാംഗെയ് മുസ്‌ലിം, തൗബൽ ജില്ലയിലെ സോറ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. താഴ്‌വരയിലെ മുസ്‌ലിം ആധിപത്യ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പാർലമെൻ്റിൻ്റെ ഇരുസഭകളിലും നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷം വ്യാഴാഴ്‌ച ലോക്‌സഭയും വെള്ളിയാഴ്‌ച പുലർച്ചെ രാജ്യസഭയും വഖഫ് (ഭേദഗതി) ബിൽ പാസാക്കി. രാഷ്ട്രപതി ദ്രൗപതി മുർമു ശനിയാഴ്‌ച ബില്ലിന് അംഗീകാരം നൽകുകയും ചെയ്‌തിരുന്നു.

Highlights: BJP LEADER HOUSE WAS SET ON FIRE

error: