ഞാനെന്നും നിലകൊള്ളുന്നത് മുസ്‌ലിങ്ങൾക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി; വിജയ്
ചെന്നൈ(Chennai): വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഇസ്‌ലാമികരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് താന്‍ എപ്പോഴും നിലകൊള്ളുന്നതെന്നും വിജയ് പറഞ്ഞു.
തമിഴക വെട്രി കഴകം ഫയല്‍ ചെയ്ത ഹരജി ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുവെന്നും വിജയ് ചൂണ്ടിക്കാട്ടി. ടി.വി.കെയുടെ ഹരജിയില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. അഭിഷേക് സിങ്‌വിക്ക് വിജയ് നന്ദി അറിയിക്കുകയും ചെയ്തു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വിജയ്‌യുടെ പ്രതികരണം.
പുതിയ വഖഫ് നിയമം ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ചാണ് ടി.വി.കെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. വഖഫ് നിയമത്തിനെതിരെ കോടതിയെ സമീപിച്ചവരില്‍ ഡി.എം.കെയും എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഒവൈസിയും കോണ്‍ഗ്രസ് എം.പിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാന്‍ പ്രതാപ് ഗര്‍ഹി എന്നിവരും എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാന്‍, ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ ചന്ദ്രശേഖര്‍ ആസാദ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.
Highlights: I will always stand for Muslims and the oppressed; Vijay