സുപ്രീം കോടതിക്കെതിരായ ബിജെപി എംപിമാരുടെ പരാമര്‍ശം; ‘വ്യക്തിപരം’ മാത്രമെന്ന് ജെപി നദ്ദ
ന്യൂഡൽഹി (New Delhi): സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പരാമർശങ്ങള്‍ തള്ളി ബിജെപി. നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. പ്രസ്‌താവന അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും നദ്ദ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയായിരുന്നു നദ്ദയുടെ പ്രതികരണം.
‘നിയമ വ്യവസ്ഥയെയും ചീഫ് ജസ്റ്റിസിനെയും കുറിച്ച് എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. ഇവ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ബിജെപി അവയോട് യോജിക്കുന്നില്ല. അത്തരം പരാമർശങ്ങളെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. ബിജെപി അവയെ പൂർണ്ണമായും നിരസിക്കുന്നു.’- നദ്ദ എക്‌സില്‍ കുറിച്ചു.
ഇത്തരം അഭിപ്രായങ്ങൾ പറയരുതെന്ന് നേതാക്കളോടും പാർട്ടിയിലെ മറ്റ് അംഗങ്ങളോടും നിർദേശിച്ചതായും നദ്ദ കൂട്ടിച്ചേര്‍ത്തു. ബിജെപി എപ്പോഴും ജുഡീഷ്യറിയെ ബഹുമാനിക്കുന്നു. സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഒരു പാർട്ടി എന്ന നിലയിൽ വിശ്വസിക്കുന്നു. അതിന്‍റെ നിർദേശങ്ങളും ഉത്തരവുകളും സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ സംരക്ഷണത്തിന്‍റെ ശക്തമായ സ്‌തംഭമാണ് അവയെന്നും നദ്ദ പറഞ്ഞു.
സുപ്രീംകോടതി നിയമങ്ങൾ നിർമ്മിക്കുകയാണെങ്കിൽ പാർലമെന്‍റും സംസ്ഥാന നിയമസഭകളും അടച്ചുപൂട്ടണം എന്നായിരുന്നു ലോക്‌സഭ എംപി നിഷികാന്ത് ദുബെയുടെ പ്രസ്‌താവന. രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങൾക്ക് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയാണ് ഉത്തരവാദിയെന്നും ദുബെ ആരോപിച്ചു. കേന്ദ്രം കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ബിജെപി എംപിമാരെ ചൊടിപ്പിച്ചത്.
ഉത്തർപ്രദേശിലെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശർമ്മയും സുപ്രീം കോടതിക്കെതിരെ പ്രസ്‌താവന നടത്തി. പാർലമെന്‍റിനെയോ രാഷ്‌ട്രപതിയെയോ ആർക്കും നിയന്ത്രിക്കാനുള്ള അവകാശമില്ലെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു.
Highlights: BJP MPs’ remarks against Supreme Court; JP Nadda says it is ‘personal’