വഖഫ് ഭേദഗതിയുടെ മറവിൽ ബംഗാളിൽ കലാപം; സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ
കൊൽക്കത്ത:(Kolkata )പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ രണ്ട് സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മുർഷിദാബാദ് പുർബപാര സ്വദേശി സിയാവുൾ ഷെയ്ഖ് എന്നയാളാണ് പിടിയിലായത്. ഏപ്രിൽ 12 മുതൽ ഇയാൾ ഒളിവിലായിരുന്നു. വെസ്റ്റ് ബറോഡ പോലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റിംഗ് ടീമും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ശനിയാഴ്ച ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ നിന്നാണ് സിയാവുളിനെ കണ്ടെത്തിയത്.
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെതുടർന്നുണ്ടായ കലാപ സമയത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് സിപിഐ എം പ്രവർത്തകരായ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയത്. ഹരഗോബിന്ദ ദാസ്, മകൻ ചന്ദൻ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ മുഖ്യപ്രതിയായ സിയാവുൾ ഇവരുടെ അയൽവാസിയായിരുന്നതായാണ് വിവരം. ഇതിനകം നാല് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കാലു നാടാർ, ദിൽദാർ, ഇൻസ്മാം ഉൽ ഹഖ് എന്നവർ നേരത്തെ അറസ്റ്റിലായിരുന്നു.
കൊല്ലപ്പെട്ട സിപിഐ എം പ്രവർകത്തകരുടെ വീട് തകർത്തതുൾപ്പെടെയുള്ള ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് സിയാവുൾ എന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 11 ന് വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് മുർഷിദാബാദിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂർഷിദാബാദ്, മാൾഡ, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, വടക്കൻ ദിനാജ്പ്പുർ, ഹൗറ എന്നിവിടങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായത്. ആക്രമണത്തിൽ രണ്ട് സിപിഐ എം പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇരുനൂറോളം പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. മുർഷിദാബാദ് അക്രമവുമായി ബന്ധപ്പെട്ട് പോലീസ് 100-ലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 276 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Highlights: Riots erupt in Bengal under the guise of Waqf amendment; main accused arrested in the case of murder of CPI(M) workers.