പഹൽഗാം ഭീകരാക്രമണം; അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു, രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത് വിട്ടു
ന്യൂഡൽഹി (New Delhi):പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി പുറത്ത് വിട്ടു. അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ.
ആദിൽ തോക്കർ, അഹ്സാൻ എന്നിവരാണ് കശ്മീരി ഭീകരർ. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ ജമ്മുകശ്മീർ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
എൻഐഎ സംഘം ബൈസരണിൽ നിന്നും ഫൊറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്.
അതേസമയം, പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിർത്തിയിൽ കൃഷി ചെയ്യുന്നവരെ സഹായിക്കാൻ പോയ ജവാനാണ് പാകിസ്ഥാൻ പിടിയിലായത്.
ജവാൻ്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.
Highlights:Pahalgam terrorist attack: Identities of four out of five terrorists confirmed, sketches of two more released.