അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റി; ചൈനീസ് നടപടിയിൽ എതിർപ്പറിയിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി(New Delhi): അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനീസ് നടപടിയിൽ എതിർപ്പറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇത്തരം നടപടികളെ ശക്തമായി എതിർക്കുന്നുവെന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പേരുമാറ്റിയതു കൊണ്ട് യാഥാർത്ഥ്യം മാറില്ലെന്നും വ്യർഥമായ ശ്രമമാണ് ചൈന നടത്തുന്നതെന്നും വിദേശകാര്യ വാക്താവ് റൺദീർ ജെയ്സ്വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് വ്യോമയാന മന്ത്രാലയം നടത്തിയ പ്രസ്താവനകളിൽ അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. അരുണാചൽ പ്രദേശിൽ അവകാശമുന്നയിച്ച് ചൈനയും ഇന്ത്യയുമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
ചൈനയുടെ ഭാഗമായ ടിബറ്റൻ പ്രവിശ്യയുടെ ഭാഗമാണ് അരുണാചൽ പ്രദേശെന്നാണ് അവരുടെ അവകാശവാദം.
Highlights: Ministry of External Affairs objects to Chinese move to rename places in Arunachal Pradesh