National

മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും കനത്ത തിരിച്ചടി, തമിഴ്‌നാടിന് നേട്ടം; മരം മുറിക്ക് അനുമതി

ന്യൂഡൽ​ഹി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയിൽ വാദിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള തമിഴ്നാടിൻറെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്‌ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റ പണിക്കുള്ള തമിഴ്നാടിൻറെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമ്മിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി. ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്നാടിൻറെ ആവശ്യം നിയന്ത്രണങ്ങൾക്ക് വിധേയമായി അംഗീകരിക്കണം. ഗ്രൗട്ടിംഗ് സംബന്ധിച്ച തീരുമാനം മേൽനോട്ട സമിതിക്കും സുപ്രീം കോടതി വിട്ടു.

മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വച്ചിരിക്കുന്നത്. അപകട സാധ്യത മുൻനിർത്തി പുതിയ ഡാം വേണമെന്നാണ് ആവശ്യം. എന്നാൽ അപകട സാധ്യതയില്ലെന്ന് മരം മുറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി ജഡ്ജിമാർ വാക്കാൽ പറ‌ഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഉത്തരവ്. ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തമിഴ്‌നാട് മുന്നോട്ട് വെച്ചതാണ്. ഇതിനെ കേരളം എതിർത്തിരുന്നു. എന്നാൽ നേരത്തെ സമാനമായ നിലയിൽ മരം മുറിക്കാൻ കേരളം നൽകിയ അനുമതികൾ കേരളത്തിന് തന്നെ തിരിച്ചടിയായി. 2021 ൽ പതിവ് പോലെ മരം മുറിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും വലിയ രാഷ്ട്രീയ വിവാദമായതോടെ പിൻവലിച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോൾ മൂന്ന് വർഷത്തോളം പിന്നിട്ട ശേഷം സുപ്രീം കോടതി ഉത്തരവിട്ടത്.

Highlights: Mullaperiyar: Kerala gets another setback in Supreme Court, Tamil Nadu gains; Permission to cut trees

error: