National

പ്ലസ് ടുവിന് ഒരു കുട്ടി പോലും പാസാകാത്ത 18 സ്കൂൾ; അധ്യാപകര്‍ക്കെതിരെ നടപടിയുമായി ഹരിയാന വിദ്യാഭ്യാസ വകുപ്പ്

ചണ്ഡിഗഡ്(Chandigarh): പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒരു കുട്ടി പോലും വിജയിക്കാത്ത 18 സ്കൂളുകളുണ്ട് ഹരിയാനയിൽ. ഇക്കാര്യം അടിയന്തരമായി അവലോകനം ചെയ്യാനും തിരുത്തലുകൾ വരുത്താനും ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡ് (HBSE)തീരുമാനിച്ചു.

ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ 85.66 ആണ് ഹരിയാനയിലെ വിജയ ശതമാനം. 18 സ്കൂളുകളിൽ ഒരു കുട്ടി പോലും വിജയിക്കാതിരുന്നതിനെ തുടർന്ന് മോശം പ്രകടനം നടത്തിയ 100 സ്കൂളുകളുടെ പട്ടിക എച്ച്ബിഎസ്ഇ തയ്യാറാക്കി. ഇതിൽ സർക്കാർ, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടുന്നു. അടിയന്തര അവലോകനത്തിനും തിരുത്തൽ നടപടികൾക്കുമായി ഈ പട്ടിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് അയച്ചു. 

ജില്ല തിരിച്ചുള്ള വിശകലനത്തിൽ ഹരിയാനയിലെ നിരവധി സ്കൂളുകളിൽ 35 ശതമാനം പോലും വിജയമില്ലെന്ന് കണ്ടെത്തി. കുറച്ചു കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളുകളാണ് പൂജ്യം ശതമാനം വിജയം നേടിയതെന്ന്  ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. പവൻ കുമാർ പറഞ്ഞു. 

മോശം പ്രകടനം കാഴ്ചവച്ച സ്കൂളുകളിലെ അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്, കൂടാതെ പ്രശ്നത്തിന്റെ ഗൗരവം അടിവരയിടുന്ന വിശദമായ റിപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിന് അയച്ചു. നിർബന്ധിത അധ്യാപക പരിശീലനം, വിദ്യാർത്ഥികളെ സജീവമാക്കുന്ന പരിപാടികൾ, മാതാപിതാക്കളുമായി നേരിട്ട് ആശയവിനിമയം എന്നിവയുൾപ്പെടെയുള്ള അടിയന്തര ഇടപെടലിന്റെ ആവശ്യകത ഡോ. പവൻ കുമാർ ഊന്നിപ്പറഞ്ഞു. മോശം പ്രകടനത്തിന്റെ അടിസ്ഥാനപരമായ കാരണം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അധ്യാപന ശൈലി മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡ് മെയ് 13 നാണ്  12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. 

Highlights: 18 schools where not a single child passed Plus Two; Haryana Education Department takes action against teachers

error: