ഉത്തർപ്രദേശിൽ ചോളത്തോട്ടത്തിൽ ആശാ വർക്കർ മരിച്ച നിലയിൽ
ബുദൗൻ(Budaun): ഉത്തർപ്രദേശിലെ ബുദൗൻ ജില്ലയിലെ ആലപൂർ പ്രദേശത്തെ ഒരു ചോളത്തോട്ടത്തിൽ 40 വയസ്സുള്ള ആശാ വർക്കറെ മരിച്ച നിലയിൽ കണ്ടെത്തി. ലൈംഗികാതിക്രമത്തിന് ശേഷമുള്ള കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് ആശ പ്രവർത്തകയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മരിച്ച ആശ പ്രവർത്തകയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹയാത്നഗർ ഗ്രാമവാസിയും രാഘവേന്ദ്ര ജാതവിന്റെ ഭാര്യയുമാണ് ഇര. തിങ്കളാഴ്ച വാക്സിനേഷൻ ഡ്രൈവിനായി കുന്ദൻ നാഗ്ല ഗ്രാമത്തിൽ പോയതായിരുന്നു ആശ പ്രവർത്തക. ഒരു ഓക്സിലറി നഴ്‌സ് മിഡ്‌വൈഫിനൊപ്പം (ANM) ഒരു സ്കൂട്ടിയിൽ ഗ്രാമത്തിലേക്ക് മടങ്ങുന്നത് കണ്ടിരുന്നുവെന്നും അതിനുശേഷം ആശ പ്രവർത്തകയെ കാണാതാവുകയായിരുന്നുവെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (SSP) ബ്രിജേഷ് സിംഗ് പറഞ്ഞു.
യുപി 112 എമർജൻസി സർവീസ് വഴിയാണ് മൃതദേഹം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. വിവരമറിഞ്ഞയുടൻ ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) ഉൾപ്പെടെ നാല് പോലീസ് സംഘങ്ങളെയും നിരീക്ഷണ യൂണിറ്റുകളെയും രൂപീകരിച്ചിട്ടുണ്ട്. കുടുംബം ഉന്നയിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എസ്എസ്പി അറിയിച്ചു.
Highlights: ASHA worker found dead in corn field in Uttar Pradesh