Nirakkoottu

യാത്ര തുടരുന്നു.. ചക്രക്കസേരയില്‍ നിന്ന് സ്വപ്‌നങ്ങളിലേക്ക്

ജ്യോതിരാജ് തെക്കൂട്ട്

അഞ്ജു റാണി ചക്രക്കസേരയിലാണ്… ജനിച്ചപ്പോള്‍ തന്നെ തളര്‍ന്ന കാലുകള്‍ (ക്രോണിക് കിഡ്‌നി ഡിസീസ്) അഞ്ജുവിന്റെ ജീവിതത്തിന്റെ നിറം കെടുത്തി. കിളികളോടും പൂക്കളോടും കഥ പറയേണ്ട ബാല്യം വീല്‍ചെയറിലായി. ചക്രക്കസേരയിലെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
എന്നാല്‍ ജീവിതം നിരാശകളല്ല, പ്രതീക്ഷകളാണെന്ന് മനസിലാക്കിയ അഞ്ജുവിന്റെ യാത്ര തുടരുകയാണ്.

ജനിച്ചതും വളര്‍ന്നതും തൊടുപുഴയിലാണ്. ചെറുപ്പത്തില്‍ രോഗി(ആജീവനാന്തം)യാണെന്ന് അറിയില്ല. മറ്റുള്ള കുട്ടികള്‍ എങ്ങനെയാണെന്നും അറിയില്ല, ആശുപത്രിയില്‍ പോകാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. അപ്പോള്‍ പലരെയും കാണും. അവര്‍ക്കൊക്കെ നടക്കാന്‍ കഴിയുന്നുണ്ട്, തനിക്ക് മാത്രം കഴിയുന്നില്ല, ശരീരത്തിനും വ്യത്യാസം. ചിലപ്പോഴൊക്കെ സങ്കടം വരും. എന്നാല്‍ എല്ലാവരില്‍നിന്നും വ്യത്യസ്തതയുള്ളത് സവിശേഷതായായേ തോന്നിയിട്ടുള്ളൂ.

അമ്മയും അച്ഛാച്ചനും സ്പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തു. അന്നാണ്് മനസിലാകുന്നത് എന്നെപോലെ ഉള്ളവര്‍ ഒരുപാട് പേരുണ്ടെന്ന്. പിന്നെ തനിക്ക് എന്തുചെയ്യാന്‍ കഴിയും എന്ന ആലോചനയായി. പഠിക്കണം എന്ന് തോന്നി, അങ്ങനെയാണ് പഠിക്കാന്‍ ആരംഭിക്കുന്നത്.

നാലാം ക്ലാസ് വരെയാണ് സ്‌കൂളില്‍ പോയി പഠിച്ചത്. പിന്നീട് ശരീരിക ബുദ്ധിമുട്ടുകള്‍ വീട്ടിലിരുത്തിച്ചു. എന്നാലും തളര്‍ന്നില്ല. വീട്ടിലിരുന്നു പഠിക്കാന്‍ തുടങ്ങി. പഠനക്കാലം അതിജീവനത്തിന്റെ ചവിട്ടുപടികളായിരുന്നു. ബി.എ. സോഷ്യോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കി. വീഡിയോ എഡിറ്റിംഗില്‍ ഡിപ്ലോമയെടുത്തു.

വീഡിയോ എഡിറ്റിങ്ങ് പഠിക്കാന്‍ ആദ്യം മൂവാറ്റുപുഴയിലേയ്ക്ക് താമസം മാറി. നടക്കാന്‍ പറ്റാത്തതു കൊണ്ട് അച്ഛന്‍ എടുത്താണ് ക്ലാസിന് കൊണ്ടു പോവുക. കോഴ്‌സിനു ശേഷം എഫ്.സി.പി ഇന്‍സ്റ്റാള്‍ ചെയ്യാനും ജോലി ചെയ്യാനും പറ്റുന്ന ഒരു കമ്പ്യൂട്ടര്‍ വാങ്ങിച്ചു. അന്ന് അത് സംബന്ധിയായ കുറെ ജോലികളും ചെയ്തിരുന്നു. പിന്നീട് ത്രീ ഡി മാക്സും പഠിച്ചു.


അതിനുശേഷമാണ് ആഭരണ നിര്‍മാണം പഠിക്കുന്നത്. അതും വെറുതേ പഠിച്ചതല്ല. സ്വന്തമായൊരു
ബിസിനസ് തുടങ്ങുകയായിരുന്നു ലക്ഷ്യം. വീട്ടിലിരുന്ന് ആസ്വദിച്ച് ചെയ്യുന്നതും ആഭരണ നിര്‍മാണമാണ്. പലപ്പോഴും തനിയെ ഉണ്ടാക്കിയ ആഭരണങ്ങളുടെ പല പ്രദര്‍ശന വേദികളിലും പോകാറുണ്ട്. കൊച്ചിയിലെ മാളുകളിലൊക്കെ പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്.

ആഭരണങ്ങള്‍ വില്‍ക്കുന്നതിനായി അഞ്ചൂസ് കളക്ഷന്‍സ് എന്ന ഒരു ഓണ്‍ലൈന്‍ പേജുണ്ട്്. അതുവഴിയാണ് കച്ചവടം നടക്കുന്നത്. ആഭരണത്തിനു മാത്രമല്ല, വസ്ത്രങ്ങള്‍ക്കായി ഒരു ബുട്ടീക്കും ഓണ്‍ലൈനില്‍ ചെയ്യുന്നുണ്ട്. ആവശ്യക്കാര്‍ ഓര്‍ഡര്‍ തരുന്നതിനു അനുസരിച്ച് സാധനം എത്തിച്ച് കൊടുക്കും. ഓണ്‍ലൈന്‍ വിപണിക്ക് ഇത്രയധികം സാധ്യതകള്‍ ഉള്ളപ്പോള്‍ അതൊക്കെ പരമാവധി ഉപയോഗിക്കുകയാണ്.

2015ല്‍ ജാര്‍ലിഫ്റ്റിങ്ങില്‍ ലോക റെക്കോര്‍ഡ് ലഭിച്ചു. അതാണ് എവിടെ ചെന്നാലും എല്ലാവര്‍ക്കും കാണാന്‍ ആഗ്രഹവും. രണ്ടു കയ്യിലേയും തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് ഒന്നര കിലോവീതമുള്ള സ്ഫടിക ജാര്‍ പൊക്കുകയാണ് അത്. ഒരിക്കല്‍ ടിവിയില്‍ ആരോ ചെയ്യുന്നതു കണ്ടിട്ട് ചെയ്തു നോക്കിയതാണ്. പരിശീലനത്തിലൂടെ അതും സാധ്യമായി. എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യാനുള്ള താല്‍പര്യമാണ്് ഇതെല്ലാം ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നത്.

രണ്ട് കൈകള്‍ക്കൊണ്ട് നാല് രീതിയില്‍ എഴുതാനുള്ള കഴിവും അഞ്ജുവിനുണ്ട്.
മിറര്‍ എഴുത്താണ് അതിലൊന്ന്. മിറര്‍ എഴുത്തും സ്ഫടിക ജാര്‍ എടുത്തു ഉയര്‍ത്തുന്നതും ഒന്നിച്ചാണ് ഇപ്പോള്‍ ഷോ ആയി എല്ലായിടങ്ങളിലും ചെയ്യുന്നത്. പരിമിതികളെ മറികടന്ന് മോഡലിംഗിലും അഞ്ജു കാല്‍വെയ്പ് നടത്തി. ഇതിനകം റാംപ് വാക്ക് ചെയ്തത് രണ്ട് പ്രധാന വേദികളിലാണ്. യൂട്യൂബായിരുന്നു അഞ്ജുവിന്റെ റാംപ് വാക്ക് പരിശീലക. പ്രശസ്ത മോഡലുകളുടെ ചലനങ്ങളും വീല്‍ചെയര്‍ ഫാഷന്‍ ഷോകളും കുറേയേറെ കണ്ടു സ്വയം പരിശീലിച്ചു.

ഇതിനിടയില്‍ സിനിമയിലും അഭിനയിച്ചു. ഒരു നല്ല കോട്ടയംകാരന്‍, ഡോ. സിജു വിജയന്‍ സംവിധാനം ചെയ്യുന്ന ഇന്‍ഷ എന്ന ചിത്രത്തിലും. അംഗപരിമിതര്‍ അരങ്ങിലെത്തുന്ന ഇന്ത്യയിലെ ആദ്യ നാടകമായ ഛായയിലും ഈ മിടുക്കിയുണ്ടായിരുന്നു. കൂടാതെ ഭിന്ന ശേഷിക്കാര്‍ മാത്രം അംഗങ്ങളായ ഗാനമേള ഗ്രൂപ്പിന്റെ സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് ആയി.

അച്ഛന്‍ ജോയി, അമ്മ ജെസി എന്നിവരുമൊത്ത് എറണാകുളത്താണ് അഞ്ജു താമസിക്കുന്നത്. സഹോദരങ്ങളായ അമലു ആഷ്്‌ലിയും എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി അഞ്ജുവിനൊപ്പമുണ്ട്. മോഡികെയര്‍ ബിസിനസ് ഡിസ്ട്രിബ്യൂട്ടറായ അഞ്ജു തന്റെ കുറവുകളെ നിറവുകളാക്കി മാറ്റുകയായിരുന്നു. ചെറുതും വലുതുമായ തന്റെ കഴിവുകളെ നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് നേടിയെടുത്തത്. ശാരീരിക പരിമിതികളൊന്നും ഒരു വെല്ലുവിളിയേ അല്ലെന്ന ആപ്തവാക്യമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.

error: