വിസ്മയത്തുമ്പത്ത്
ജ്യോതിരാജ് തെക്കൂട്ട്
തൃശൂര്‍ എടക്കുന്നി ഗ്രാമത്തില്‍ നിന്ന് കാറ്റിനൊപ്പം ഓടിയ കുട്ടികളില്‍ ഒരാളുണ്ടായയിരുന്നു. കഥകള്‍ വെറുതെ ദൃശ്യങ്ങളിലൂടെ പകര്‍ത്തുകയല്ല, മനസിനുള്ളില്‍ ചോദ്യങ്ങള്‍ ഉദിപ്പിക്കുന്ന കാഴ്ചകള്‍ ഫ്രെയിമുകളില്‍ പതിപ്പിക്കുകയായിരുന്നു.
എടക്കുന്നിയില്‍ നിന്നും തുടക്കം കുറിച്ച് ഹ്രസ്വചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയ്ക്ക് എത്തിച്ചേര്‍ന്ന രഞ്ജിത്ത് നാരായണ്‍ കാണാക്കഥകളെ സിനിമകളിലൂടെ അവതരിപ്പിച്ചു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സിനിമകളെ വെറുപ്പോടെ കണ്ടിരുന്ന കണ്ണുകള്‍, പിന്നീട് ലോകത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള കാഴ്ചകളായി മാറുമെന്ന് രഞ്ജിത്തിന് പോലും അന്ന് മനസിലായിരുന്നില്ല. സ്‌കൂളിലെ കോമ്പൗണ്ടില്‍ നിന്നാരംഭിച്ച ദൃശ്യഭ്രമങ്ങള്‍ പിന്നീട് സ്‌ക്രീനുകളില്‍ ഇടം പി
ടിക്കുകയായിരുന്നു.
2012ല്‍ പുറത്തിറങ്ങിയ ‘ഗോമാതാ-ദി സേക്രഡ് കൗ’ എന്ന തമിഴ് ഹ്രസ്വചിത്രം സംവിധായക പ്രയാണത്തിന് തുടക്കമിട്ടപ്പോള്‍ സുപരിചിതമല്ലാത്ത ഒരു യാഥാര്‍ഥ്യത്തെ സമൂഹത്തിന് അവതരിപ്പിക്കുകയായിരുന്നു. ജനിച്ചയുടനെ മരിക്കേണ്ടിവരുന്ന മൂരിക്കുട്ടികളുടെ കഥയാണ് ഗോമാതയുടെ പശ്ചാത്തലമാകുന്നത്.
അക്കാലത്ത് സംവിധായകന്‍ അരവിന്ദന്റെ സിനിമയിലോ മറ്റോ അമ്മ പശുവിനടുത്ത് പൊയ്ക്കന്നുകുട്ടിയെ (മറുത്താച്ചി ബൊമ്മ)നിര്‍ത്തി പാല്‍ കറക്കുന്ന സീന്‍ കാണാനിടയായി. പിന്നീട് അതിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല. എന്നാലും അതൊരു സ്പാര്‍ക്കായി മനസിലെവിടെയോ ഉണ്ടായിരുന്നു..
അങ്ങനെയിരിക്കെയാണ് പശുവിന്റെ ജീവിതവും ഗര്‍ഭിണിയായ സ്ത്രീയുടെ ജീവിതവും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഒരു ഹ്രസ്വ ചിത്രം നിര്‍മിക്കുക എന്ന ആഗ്രഹം ഉണ്ടാകുന്നതും ആദ്യമായി അമ്മയോട് പറയുന്നതും.
അമ്മ സരസ്വതിയുടെ നിര്‍മാണത്തിലാണ് ‘ഗോമാതാ ദി സേക്രട്ട് കൗ’ പു
റത്തിറങ്ങുന്നത്.
ചെമ്പുക്കാവിലെ കുണ്ടുവാറ എന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. തമിഴ് പശ്ചാത്തലമായതുകൊണ്ട്, തൃശൂരില്‍ തമിഴ്നാടിനോട് സാദൃശ്യമുള്ള ഒരു പ്രദേശം കണ്ടെത്തുവാന്‍ ഏറെ അന്വേഷിക്കേണ്ടിവന്നു.
പശുവായിരുന്നു കേന്ദ്ര കഥാപാത്രം. ജനിക്കുമ്പോഴേക്കും മരിക്കാന്‍ വിധിക്കപ്പെട്ട മൂരിക്കുട്ടികളെ കുറിച്ച്, ഒരിക്കല്‍ നിലനിന്നിരുന്ന ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത യാഥാര്‍ത്ഥ്യമായിരുന്നു അത്.
പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് മൂരി കുട്ടികളെ തീറ്റി പോ
റ്റി വളര്‍ത്താന്‍ തക്ക സാമ്പത്തികം ഇല്ലായിരുന്നു, അവ നന്നായി പാല്‍ കുടിക്കും എന്നതു കൊണ്ടാണ് അവയെ കൊല്ലുന്നത്.
ഇത്തരം വിഷയങ്ങളെ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതില്‍ ഒരു പ്രത്യേക ആഭിമുഖ്യമായിരുന്നു രഞ്ജിത്തിന്. ഈ സിനിമ കൗതുകത്തിനപ്പുറം ഗുജറാത്ത് അന്തര്‍ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ആദ്യ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഗോമാതാ ദേശീയതലത്തില്‍ ജനശ്രദ്ധ നേടി.
രഞ്ജിത്തിന്റെ വിജയസോപാനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ഗോമാതയുടെ വിജയത്തിന് ശേഷം, ‘മാമ്പഴം’ എന്ന ഹ്രസ്വചിത്രത്തിലൂടെ കാര്‍ഷികരീതികളിലെ വിരുദ്ധതകള്‍ ചോദ്യം ചെയ്യപ്പെടുന്നു. വിഷം തളിക്കാത്ത ഒരു വീട്ടുവളപ്പും, വിഷം തളിച്ചു ശാസ്ത്രീയമായി കൃഷിചെയ്യുന്ന മറ്റൊരു സ്ഥലവും തമ്മിലുള്ള മൗന സംവാദം. ഇതിന് 2017-ല്‍ ജോണ്‍ എബ്രഹാം മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചു.
തുടര്‍ന്ന് ‘വൃക്ഷം’ കേവലം ദൃശ്യമാധ്യമത്തിന്റെ ആശയവിനിമയശേഷി എന്തൊക്കെയാണ് എന്നതിന്റെ തെളിവായിരുന്നു.
സംഭാഷണങ്ങള്‍ ഇല്ലാതെ കഥപറയുന്ന ഈ ചിത്രത്തില്‍, മരം മുറിച്ചു കൊണ്ട് ”മരം മുറിക്കരുത്” എന്ന് എഴുതുന്ന പേജുകളിലൂടെ നമ്മുടെ പരിസ്ഥിതിസമൂഹത്തെ എതിര്‍ക്കുന്ന വീര്യം നമുക്ക് കാണാന്‍ കഴിയും.
കൊവിഡ് കാലത്ത് കുടുംബവുമായി ചേര്‍ന്ന് ചിത്രീകരിച്ച ‘കരുതല്‍’, സ്നേഹവും കൂട്ടായ്മയും മാത്രമേ ഒരു വീടിനെ വാസ്തവമായി സുരക്ഷിതമാക്കുകയുള്ളൂവെന്ന് ഓര്‍മിപ്പിക്കുന്നു. ഭാര്യ ശരണ്യയുടെ നിര്‍മാണവും മക്കളായ ശ്രേഷ്ഠയും സ്പര്‍ശയും അഭിനയരംഗത്തേക്കുള്ള പ്രവേശനവും ഈ ചിത്രത്തിലൂടെ സംഭവിച്ചു.
‘മങ്ങൂഴം ‘എന്ന അഞ്ചാമത്തെ ഷോര്‍ട്ട്
ഫിലിമിന്റെ തയാറെടുപ്പിലാണ് രഞ്ജിത്തിപ്പോള്‍, വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരു ലോകം 2070കളില്‍ വിഭാവനം ചെയ്യപ്പെടും എന്നതാണ് ഇതിലെ ഇതിവൃത്തം. (ആശയം ഇന്ത്യക്ക് പുറത്ത് സെമിനാറില്‍ എ.പി.ജെ അബ്ദുല്‍ കലാം അവതരിപ്പിച്ച പേപ്പര്‍)ഇതിനോടൊപ്പം വര്‍ഷങ്ങള്‍ക്കു മുന്‍പ് സംവിധാനം തുടങ്ങിവെച്ച ഡോക്യുമെന്ററി ‘കൊയ്ത്തി’ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പണിപ്പുരയിലുമാണ്.
സംവിധാനകലയില്‍ കഥയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.
അധികമാരും കടന്നു ചെല്ലാത്ത മേഖലകളില്‍, ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങളെ കഥാതന്തുവായി വെള്ളിത്തിരയിലെത്തിക്കാനാണ് രഞ്ജിത്തിന്റെ ശ്രമവും.
മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ജോണ്‍ എബ്രഹാം മെമ്മോറിയല്‍ അവാര്‍ഡ്, ഗുജറാത്ത് അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ തെരഞ്ഞെടുപ്പുകള്‍, റഷ്യ, കൊറിയ, ഇറ്റലി മുതലായ രാജ്യങ്ങളിലെ പാതകളിലേക്കുള്ള പ്രവേശനം തുടങ്ങിയവയെല്ലാം തൃശൂരിന്റെ സ്വന്തം സംവിധായകനെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയര്‍ത്തുകയാണ്.
സാമ്പത്തികമായി ഉയര്‍ന്ന സഹായമില്ലാതെ, സ്വന്തം ശ്രമം കൊണ്ട് സിനിമകള്‍ സാക്ഷാത്കരിക്കുന്ന രഞ്ജിത്തിന്റെ സിനിമകള്‍ ഒരു എളിയ മനുഷ്യന്റെ ശക്തമായ പ്രക്ഷോഭങ്ങളാണ്.
സിനിമകളോടുള്ള പ്രണയം, പ്രതിബദ്ധത, അതിലൂന്നിയുള്ള സാമൂഹിക ഉത്തരവാദിത്വം ഇവയൊക്കെയാണ് രഞ്ജിത്ത് നാരായണന്റെ സിനിമകള്‍ക്ക് ആത്മാവാകുന്നത്. ഇനിയും പറയാനുണ്ട്… കാണിക്കാനുണ്ട്… പിന്നെയും ദൃശ്യങ്ങളിലൂടെ…
Highlights: special feature short film director Ranjith Narayan