Special Features

വിദ്യഭ്യാസ നവോത്ഥാനത്തിൻ്റെ വെള്ളിവെളിച്ചം

ഡോ. ആർ ബിന്ദു
ഉന്നത വിദ്യഭ്യാസ മന്ത്രി

ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെടുമെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചാണ് എൽഡിഎഫ് സർക്കാർ തുടർഭരണത്തിൻ്റെ പത്താംവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇവയ്ക്ക് ഒന്നാംതരം തെളിവായി ഉയർന്നു നിൽക്കുന്നതാണ് കേരളീയ വിദ്യഭ്യാസരംഗം. പൊതുവിദ്യാലയങ്ങൾ കൈയൊഴിക്കപ്പെടുകയും ഇടിച്ചു നിരത്തപ്പെടുകയും ചെയ്‌തുകൊണ്ടിരുന്ന വേദനാജനകമായ പൂർവ്വസാഹചര്യത്തെ മാറ്റിപ്പണിതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നത്.

ജനങ്ങൾക്കാകെ നൈരാശ്യം ഉയർന്ന ആ ഒരു ഇരുണ്ട ഘട്ടത്തെ മറികടന്ന്, ജനമനസ്സുകളുടെ വിശ്വാസമാർജ്ജിച്ച്, നമ്മുടെ പൊതുവിദ്യാലയങ്ങളെയാകെ ലോകോത്തരനിലവാരത്തിലേക്ക് ഉയർത്തിയാണ് പിണറായി സർക്കാർ ചരിത്രം കുറിച്ചത്. ഇതിനായി അടിസ്ഥാനസൗകര്യ വികസനരംഗത്തും അക്കാദമിക രംഗത്തും സമാനതകളില്ലാത്ത പ്രവർത്തനം ഇക്കഴിഞ്ഞ ഒമ്പതു വർഷങ്ങളിൽ നാം കാഴ്ചവെച്ചു.

സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാത്രം അയ്യായിരത്തോളം കോടി രൂപയാണ് ഈ കാലയളവിൽ ചെലവഴിക്കപ്പെട്ടത്. അഞ്ചു കോടി രൂപ വരെയുള്ള തുക ഓരോ സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനായി നൽകപ്പെടുന്ന തരത്തിലുള്ള അത്ഭുതകരമായ വികസനപ്രവർത്തനത്തിന് നാട് സാക്ഷ്യം വഹിച്ചു. അര ലക്ഷത്തിലധികം സ്‌കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറ്റിയതടക്കമുള്ള മുഖച്ഛായാ മാറ്റമാണ് സ്‌കൂൾ വിദ്യഭ്യാസരംഗത്തുണ്ടായത്.

ഉന്നതവിദ്യഭ്യാസരംഗത്തേക്കും ഇവയുടെ തുടർച്ച കൊണ്ടുവരാനുള്ള ദൃഢനിശ്ചയമാണ് ഇക്കഴിഞ്ഞ നാലുവർഷങ്ങളിൽ പ്രാവർത്തികമാക്കിയതും ഉജ്ജ്വലമായ ഫലം കൊണ്ടുവന്നിരിക്കുന്നതും. നാക് റാങ്കിങ്ങിൽ എം ജി, കേരള സർവ്വകലാശാലകൾക്ക് എ ഡബിൾ പ്ലസ് ഗ്രേഡും കാലിക്കറ്റ്, കുസാറ്റ്, കാലടി സർവ്വകലാശാലകൾക്ക് എ പ്ലസ് ഗ്രേഡും സ്വന്തമായതടക്കമുള്ള നേട്ടങ്ങൾ കേരളത്തിലെ വിദ്യഭ്യാസവിപ്ലവം മുന്നോട്ടു കുതിക്കുന്നതിൻ്റെ നിദർശനങ്ങളാണ്.

കഴിഞ്ഞ നാലു വർഷക്കാലത്തിനുള്ളിൽ ആറായിരം കോടി രൂപ കേരളം ഉന്നതവിദ്യഭ്യാസ മേഖലയിൽ വിന്യസിച്ചിരിക്കുന്നതും, കേരളത്തിലെ 28 കോളേജുകൾ എ ഡബിൾ പ്ലസ് ഗ്രേഡും 49 കോളേജുകൾ എ പ്ലസ് ഗ്രേഡും 82 കോളേജുകൾ എ ഗ്രേഡും നേടി നിൽക്കുന്നതും എല്ലാം ചേർന്നുള്ള ഈ സവിശേഷമായ കാഴ്‌ച, നമ്മുടെ സ്‌കൂളുകളിൽ നിന്നും ഇറങ്ങുന്ന കുട്ടികൾ ആഗോളനിലവാരത്തിലുള്ള ഉന്നതവിദ്യഭ്യാസ സൗകര്യത്തിലേക്കാണ് പഠിച്ചുയരാൻ പോകുന്നതെന്ന ആത്മവിശ്വാസം ജനങ്ങൾക്കാകെ പകർന്നിട്ടുണ്ട്. ഗവേഷണവും നൈപുണി വികസനവും സ്റ്റാർട്ടപ്പ് സംവിധാനവുമെല്ലാം ഒരുക്കി, ഉന്നതവിദ്യഭ്യാസം കൂടി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിലിലേക്ക് കാര്യക്ഷമതയോടെ പ്രവേശിക്കാനുള്ള ചുറ്റുപാടുകൂടി കേരളത്തിൽ നാം സജ്ജമാക്കിയിരിക്കുകയാണ്.

ഇങ്ങനെ, വിദ്യഭ്യാസ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം തൂകി നിൽക്കുന്ന സ്കൂൾ അന്തരീക്ഷത്തിലേക്കും തുടർപഠന ഭാവിയിലേക്കുമാണ് പുതിയ അധ്യയന വർഷത്തിൽ നമ്മുടെ കുട്ടികൾ കാൽവെയ്ക്കുന്നതെന്നതിൽ ഏറ്റവും ചാരിതാർത്ഥ്യമുണ്ട്.

Highlights: The silver lining of the educational renaissance

error: