Special Features

ശിവറാം സ്‌കൂപ്പും ന്യൂസ് ഹൗസും

രാജൻ എലവത്തൂർ

ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് മലയാളി പത്ര പ്രവർത്തകരുടെ സാന്നിദ്ധ്യം ഏറെയാണ്. അവരിൽ എക്കാലവും ഓർമിക്കുന്ന മഹാവ്യക്തിത്വമാണ് ശിവറാം. മാവേലിക്കര കോന്നവത്ത് മാധവൻ എന്ന എം. ശിവറാമിനെ ലോകമറിയുന്നത് ശ്രദ്ധയങ്ങളായ ‘മരണഗന്ധമുള്ള’ സ്‌കൂപ്പ് വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാലാണ്.

മന്ത്രിമാരുടെ കൂട്ടകൊല
ബർമ്മീസ് മന്ത്രിമാരുടെ കൂട്ടകൊല ശിവറാമിന്റെ പേരിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്‌കൂപ്പ് ന്യൂസ് ‘ബർമ്മീസ് മന്ത്രി സഭാഗംങ്ങൾ വെടിയേറ്റു മരിച്ചു എന്നതായിരുന്നു. റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയുടെ മുഖ്യലേഖകനായി ബർമ്മയിൽ പ്രവർത്തിക്കവെ 1947ൽ റിപ്പോർട്ട് ചെയ്ത സ്‌കൂപ്പ് ന്യൂസ് ആയിരുന്നു അത്. ടെലഗ്രാഫ് ഓഫീസിൽ ഓടിയെത്തി ശിവറാം റോയിട്ടർ ആസ്ഥാനത്തേക്ക് അയച്ച വാർത്തയുടെ ആദ്യ വാചകങ്ങൾ’ മാത്രമാണ് പുറംലോകം അറിഞ്ഞത്. അടിയന്തിരാവസ്ഥയും സെൻസർഷിപ്പും മറ്റും ഉണ്ടായതോടെ തുടർന്ന് അതുമായി ബന്ധപ്പെട്ട വാർത്തകൾ പെട്ടന്നൊന്നും ലോകത്ത് ലഭ്യമായില്ല. ആ പ്രാധാന്യം ഉളളതുകൊണ്ടുതന്നെ ശിവറാമിന്റെ സ്‌കൂപ്പ് വാർത്താവാചകം റോയിട്ടേഴ്‌സിന്റെ ലണ്ടൻ ആസ്ഥാനത്തെ സ്വീകരണ മുറിയിൽ ‘സുവർണ ലിപികളാൽ’ എഴുതി ചില്ലിട്ട് വെച്ചത് അഭിനന്ദനാർഹമാണ്.

ബർമ്മയുടെ തലസ്ഥാനമായ റംഗൂണിൽ ബർമ്മീസ് സർക്കാർ സെക്രട്ടേറിയറ്റിൽ 1947 ജൂലൈ 17ന് കാലത്ത് 10 മണിക്ക് പ്രധാനമന്ത്രി ആങ്‌സാന്റെ നേതൃത്വത്തിൽ മന്ത്രിസഭായോഗം നടക്കുകയായിരുന്നു. ആ സമയം വെടി ഉതിർത്തുകൊണ്ട് മൂന്ന് ജീപ്പുകൾ സെക്രട്ടേറിയറ്റിനകത്തേക്ക് പാഞ്ഞു പോകുന്നതും രണ്ട് മിനിറ്റിനകം വെടി ഉതിർത്തു തന്നെ ജീപ്പുകൾ പുറത്തേക്ക് പോവുകയും ചെയ്തു.
ആ സമയം വാർത്ത ശേഖരണവുമായി സെക്രട്ടേറിയറ്റ്പരിസരത്ത് എത്തിപ്പെട്ട ശിവറാം കെട്ടിടത്തിലേക്ക് ഓടിക്കയറി. ക്യാബിനറ്റ് റൂമിന്റെ വാതിൽ പാതി തുറന്നിട്ടിരുന്നു. തള്ളി തുറന്നപ്പോൾ ശിവറാം ഞെട്ടി. ‘പ്രധാനമന്ത്രിയും 13 മന്ത്രിമാരും വെടിയേറ്റ് മരിച്ചനിലയിൽ’ സീറ്റുകളിൽ ചെരിഞ്ഞിരിക്കുന്നതായാണ് കണ്ടത്. ആ വിവരമാണ് ശിവറാം ലോകത്തെ അറിയിപ്പിച്ചത്. ശിവറാമിന്റെ പത്രപ്രവർത്തന ജീവിതം ഏറെ ആവേശകരമായിരുന്നു. അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പഠനാർഹമാണ്.

വൈറ്റ് ഹൗസും, ന്യൂസ് ഹൗസും
അമേരിക്കൻ പ്രസിഡന്റിന്റെ ഭരണ കേന്ദ്രമാണ് ‘വൈറ്റ് ഹൗസ്. ഈ പേരിന് സമാനതയുള്ള ഒരു പേരാണ് ‘ന്യൂസ് ഹൗസ്’. ലോകചരിത്രത്തിൽ ആദ്യമായി കേരളത്തിൽ തിരുവനന്തപുരം കവടിയാറിൽ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട വ്യക്തിയുടെ വീടിന്റെ പേരായിരുന്നു ‘ന്യൂസ് ഹൗസ്’. ധീരമായ പത്രപ്രവർത്തനം നടത്തി ലോകാഗീകാരം നേടിയ പത്രപ്രവർത്തകൻ ശിവറാമിന്റെ വീടായിരുന്നു ‘ന്യൂസ് ഹൗസ്’. കാലം മാറിയപ്പോൾ ന്യൂസ് ഹൗസ് ഇല്ലാതാവുകയും ചെയ്തു. രാജ്യതലസ്ഥാനത്തും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പത്രപ്രവർത്തനം ചെയ്തശേഷം തിരുവനന്തപുരത്ത് വാസമാക്കിയപ്പോഴാണ് ശിവറാം വീടിന് ‘ന്യൂസ് ഹൗസ്’ എന്ന് പേരിട്ടത്.

1968 ൽ ശിവറാം തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസിഡന്റായിരുന്നു. ക്ലബ് ആസ്ഥാനമായി പത്രപ്രവർത്തന പഠനപരിശീലന കേന്ദ്രവും തുടങ്ങി. പിന്നീട് പ്രസ്‌ക്ലബ് ശിവറാം അവാർഡും ഏർപ്പെടുത്തി. ‘മരണത്തിനും ജീവിതത്തിനും ബൈലൈൻ എഴുതിയ ശിവറാം’ – എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. നിരവധി യുദ്ധവാർത്തകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ധീരാനുഭവങ്ങൾ ധാരാളമുണ്ട്. റോയിട്ടേഴ്‌സിന്റെ തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രധാന ലേഖകൻ കൂടിയായിരുന്നു ശിവറാം. അദ്ദേഹം നിരവധി ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

പത്രപ്രവർത്തനരംഗത്തെ അതികായനായിരുന്ന ശിവറാം 1972 നവംബർ 20 നാണ് ലോകത്തോട് വിട പറഞ്ഞത്. വിയറ്റ്‌നാമിനെ കുറിച്ച് 1965 ൽ ‘ദി വിയറ്റ്‌നാം വാർ വൈ’ എന്ന ശിവറാമിന്റെ പ്രൗഡ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതിയാണ് ‘ദി റോഡ് ടു ഡൽഹി’. ഇതിന്റെ മലയാള പരിഭാഷയാണ് ‘ചലോ ഡൽഹി’. ഓൾ ഇന്ത്യ റേഡിയോ വാർത്താവിഭാഗം തലവനായി ശിവറാമിനെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിയമിച്ചതും ചരിത്രം. സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ. വക്താവായും ശിവറാം പ്രവർത്തിച്ചിട്ടുണ്ട്.

Highlights: Shivaram Scoop and News House

error: