ലോജിക്കും മാജിക്കും പിന്നെ കുഴലും
വിമർശകൻ
വീണ വിജയൻ്റെ എക്സാലോജിക്കിന്റെ കേസ് പരിഗണിക്കേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സിപിഎം ന് നൽകിയ ആശ്വാസം ചെറുതല്ല. കുഴൽനാടൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാര്യമില്ല. മാസപ്പടിയും യാത്രപ്പടിയുമൊന്നും ഏശിയില്ല. ഒരു കാര്യത്തിലെ വിമർശകന് ഖേദമുള്ളൂ.
ഈ പ്രാപ്തിയുള്ള സ്ഥാപനം അടച്ചു പൂട്ടിയത് പൊതുജനത്തോട് ചെയ്ത കടുത്ത അനീതിയായി പോയി. സേവനമൊന്നും നൽകിയില്ലെന്ന് മാനേജർ പറയുമ്പോൾ സാക്ഷാൽ കർത്താവ് പറയുന്നു ഇത്ര നല്ല സേവനം വേറെ ഒരിടത്തും നിന്നും ലഭിച്ചിട്ടില്ലെന്ന്! മൈക്രോസോഫ്റ്റ് സർവീസിനു പോലും ഇത്ര മൂല്യം ഇല്ലെന്നത് വേറെ കാര്യം…
യുഡിഎഫ് ഇനി വേറെ വല്ല നേരമ്പോക്കും നോക്കുന്നതാണ് നല്ലത്.! ഷോൺ ജോർജ് ഇക്കാര്യം വിട്ടുകളയാൻ ഒരുക്കമല്ല .എസ് എഫ് ഐ യുടെ കേസ് അവസാനിച്ചിട്ടില്ലല്ലോ.എന്തായാലും സംശുദ്ധ ഭരണം കാഴ്ചവയ്ക്കുന്ന സിപിഎം ന് ഇതൊന്നും ഒരു പ്രശ്നമേയല്ല.
എസ്.എസ്.എൽ.സിയുടെ ചോദ്യപേപ്പറിൽ നിറയെ അക്ഷര തെറ്റുകൾ കണ്ടെത്തിയെന്ന് വാർത്ത. അത്ര ഗൗരവത്തിൽ ആ പരീക്ഷയെ കാണുന്നില്ല എന്നല്ലേ വാസ്തവം.? വിമർശകന്റെ ചെറുപ്പത്തിൽ എത്രമാത്രം ഉത്തരവാദിത്വത്തോടു കൂടി നടത്തിയിരുന്ന ഒരു പരീക്ഷ ഇന്ന് ഇപ്പോൾ എല്ലാവരും കൂടി ഒരു ഹാസ്യ പരിപാടിയാക്കി മാറ്റുന്നതിൽ വിമർശകന് വല്ലാത്ത വിഷമം ഉണ്ട്.
വിദ്യാഭ്യാസ മന്ത്രിയുടെ കടാക്ഷം ഇക്കാര്യത്തിൽ പതിയണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ …
കൊടകര കുഴൽപ്പണ കേസിൽ ഒന്നും നടന്നിട്ടില്ല എന്നാണ് ഇ. ഡി യുടെ കണ്ടെത്തൽ .ട്രാവൽകൂർ പാലസ് വാങ്ങിക്കാൻ കൊണ്ടുപോയ തുകയാണത്രെ അത്!, മൂന്നര കോടി രൂപ 25 ലക്ഷമായി കുറഞ്ഞു പോയതാണ് ശരിക്കുമുള്ള മായാജാലം. പണം നഷ്ടപ്പെട്ടിട്ടും പരാതിപ്പെടാഞ്ഞത് കവർച്ച ചെയ്ത ആൾക്കാർ തിരിച്ചു നൽകുമെന്ന് സാക്ഷാൽ ‘ധർമ്മരാജൻ’ വിശ്വസിച്ചുവത്രേ.! ഇത്രയധികം തുക ക്യാഷ് ആയി കൊണ്ടുപോകാൻ അദ്ദേഹത്തിന് പ്രത്യേക അനുമതി ഉണ്ടായിരുന്നുവോ എന്ന കാര്യം ആർക്കും അറിയില്ല… തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ ഇ.ഡിക്ക് ഒട്ടും രസിച്ചിട്ടില്ല.
അദ്ദേഹത്തെ കാണാൻ പോലും കൂട്ടാക്കിയില്ല എന്നാണ് പറയുന്നത്.
ആശമാരുടെ നിരാശ കൂടി വരുന്നതേയുള്ളൂ. ആരോഗ്യമന്ത്രിയുടെ രണ്ടാംഘട്ട ചർച്ചക്കും പരാജയം. കേരളത്തിലാണ് ആശാവർക്കർമാരുടെ സേവന വേതന വ്യവസ്ഥകൾ ഏറ്റവും മെച്ചമെന്ന് മന്ത്രി നൂറ്റൊന്നാവർത്തിക്കുന്നു. മാധ്യമങ്ങൾ ചോദ്യമുന്നയിക്കുമ്പോൾ രോഷാകുലരാകുന്നു. പണ്ട് മാഡവും ഒരു മാധ്യമപ്രവർത്തകയായിരുന്നു എന്നതുകൂടി ഓർത്താൽ നന്ന്.
കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതിപ്പോര് തൽക്കാലം അവസാനിച്ച മട്ടാണ്. അപ്പോഴിതാ കനയ്യകുമാർ സന്ദർശിച്ച ക്ഷേത്രം (ബീഹാറിൽ) ചാണക വെള്ളം തെളിച്ച് ശുദ്ധിയാക്കിയ വാർത്ത വരുന്നത്! ജാതി കോമരങ്ങളുടെ വെളിച്ചപ്പാട് തുള്ളൽ ഈ കാലത്തിലും അഭംങ്കുരം തുടരുന്നു എന്നത് ഖേദകരം തന്നെ.
ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഭരണ പ്രതിപക്ഷ ഭേദമെന്യേ കൈകോർക്കുന്നു. വാർത്ത ആഹ്ലാദകരമാണ്.
ഈ കൊടും വിഷം നമ്മുടെ യുവതലമുറയെ മുച്ചൂടും നശിപ്പിക്കും എന്ന കാര്യം ഉറപ്പാണ്. യുവജനങ്ങളെ മയക്കത്തിൽ നിന്ന് ഉണരൂ…. കർമ്മശേഷികൊണ്ട് ഉദ്ബുദ്ധരാകൂ…എന്ന് മാത്രമേ വിമർശകന് പറയാനുള്ളൂ.
Highlights: Criticism in public affairs #Taniniram vimarsakan