Special Features

ഇന്ന് ലോക കായികദിനം, ഐക്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും വാതായനങ്ങൾ

ടോജോമോൻ ജോസഫ്,
മരിയാപുരം

1896 ഏപ്രിൽ 6 ന് നടന്ന മോഡേൺ ഒളിമ്പിക്സിൻ്റെ ചരിത്രപരമായ ഓർമ്മക്കായിട്ടാണ് 2013 ൽ ഐക്യരാഷ്ട്രസഭ ഏപ്രിൽ 6 ലോക കായികദിനമായി പ്രഖ്യാപിച്ചത്. 2014 മുതലാണ് ഇത് ആഘോഷിച്ചു തുടങ്ങിയത്. 2015 ൽ കായികമേഖലയെ സുസ്ഥിര വികസനത്തിൻ്റെ ഒരു പ്രധാന സാധ്യതയായി ഔദ്യോഗികമായി അംഗീകരിക്കുകയും യു.എൻ ൻ്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്തു.

രാഷ്ട്ര, മത, വർ​ഗ, വർണ സീമകൾക്കപ്പുറം മനുഷ്യനെ കൊരുത്തിണക്കുന്ന, ചേർത്തു നിർത്തുന്ന സുപ്രധാന കണ്ണിയാണ് കായികം എന്ന് നമുക്കറിയാം. കായികമേഖലയുടെ വികസനത്തിനും അതിൻ്റെ സമാധാനപരമായ നിലനിൽപ്പിനും വേണ്ടിയാണ് അന്താരാഷ്ട്ര കായികദിനം നാം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വ്യത്യസ്ത സാംസ്കാരിക പ്രതിബന്ധങ്ങളെ തുടച്ചു നീക്കുന്നതിനും രാജ്യങ്ങൾക്കിടയിൽ സമാധാനം വളർത്തുന്നതിനും കായികമേഖലയ്ക്ക് സാധിക്കും എന്ന തിരിച്ചറിവാണ് ലോക കായികദിനത്തിൻ്റെ ജനനത്തിന് വഴിയൊരുക്കിയത്.

മനുഷ്യരെ സാമൂഹികപ്രതിബദ്ധതയുള്ളവരും വിശാലമനസ്ക്കരുമാക്കി മാറ്റുവാൻ സ്പോർട്സിനു കഴിയും എന്നത് നാം കണ്ടറിഞ്ഞിട്ടുള്ളതാണ്. മാനസികവും ശാരീരികവുമായ ഉത്തേജനത്തിനും വളർച്ചയ്ക്കും കായികമേഖലയ്ക്ക് മർമ്മപ്രധാന പങ്ക് വഹിക്കാനാകും. നമ്മുടെ ആരോഗ്യം, സുസ്ഥിരത, വിദ്യാഭ്യാസ നിലവാരം ഇവയൊക്കെ മെച്ചപ്പെടുത്തുവാൻ സ്പോർട്സിന് വലിയ സ്വാധീനം ചെലുത്തുവാൻ സാധിക്കുന്നു. സ്പോർട്സിന് സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ട്.

കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുവാൻ കായികമേഖലയ്ക്ക് കഴിയും. വിശാലമായി ചിന്തിക്കുവാനും മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും സ്പോർട്സിന് മറ്റു മാധ്യമങ്ങളേക്കാൾ സ്വാധീനശേഷിയുണ്ട് എന്നത് യാഥാർഥ്യമാണ്. വിവിധ കായിക മത്സരങ്ങൾ അരങ്ങേറുമ്പോൾ പ്രായവ്യത്യാസമന്യേ തടിച്ചുകൂടുന്ന ആരാധകർ നൽകുന്ന ആർപ്പുവിളികളും ആരവങ്ങളും നാടിന് ഉല്ലാസത്തിൻ്റേയും ഉന്മാദത്തിൻ്റേയും നിമിഷങ്ങൾ സമ്മാനിക്കുന്നു. ഉത്സവത്തിന് സമാനമായി പലപ്പോഴും നാം കായിക മത്സരങ്ങൾ ആഘോഷിക്കാറുണ്ട്. കായിക വിനോദങ്ങൾ മനസു ശരീരവും ഊർജസ്വലമാകുവാൻ കാരണമാകുന്നു.

മനസിൻ്റെ നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുവാനും പോസിറ്റീവ് ചിന്തകൾ സൃഷ്ടിക്കുവാനും സ്പോർട്സിന് അതിശയിപ്പിക്കുന്ന കഴിവുണ്ട് എന്നത് വാസ്തവമാണ്. ഒപ്പംതന്നെ സ്പോർട്സ് ഉൽപന്ന നിർമാണ മേഖലയിലും ഇവൻ്റുകളും ടൂർണമെൻ്റുകളും സംഘടിപ്പിക്കുന്നതിലൂടെയുമൊക്കെ താൽകാലികവും സ്ഥിരവുമായ ജോലി സാധ്യതകൾ സൃഷ്ടിക്കുവാനും കഴിയുന്നു. കായികക്ഷമതയും ഊർജ്ജസ്വലതയുമുള്ള യുവതയെ വാർത്തെടുക്കുവാൻ കായികമേഖലയ്ക്കു അഭൂതപൂർവമായ കഴിവുണ്ട്.

നിർജീവമായ യുവത്വത്തെ സജീവമാക്കി ആരോഗ്യമുള്ള ഒരു നല്ല തലമുറയെ മെനയുവാൻ സ്പോർട്സിന് സാധിക്കുന്നു. വലിയ വികാരമായി കായിക മത്സരങ്ങളെ നാം കാണാറുണ്ട്. നമ്മുടെ ദുഃഖങ്ങളും നൊമ്പരങ്ങളുമൊക്കെ ഒരു പരിധിവരെ മറക്കുവാനും ഇല്ലാതാക്കുവാനും കായിക മത്സരങ്ങൾ വഴിയൊരുക്കുന്നു. എല്ലാത്തിനുമുപരി രാജ്യങ്ങൾ തമ്മിൽ ഐക്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സഹായസഹവർത്തിത്വത്തിൻ്റെയും വാതായനങ്ങൾ തുറക്കുന്നു കായികം. ഇന്ന് നാം ലോകകായികദിനം ആഘോഷിക്കുമ്പോൾ, അത് നമുക്കു മുന്നിൽ വരച്ചിടുന്ന ഒരുമയുടെ ചിത്രങ്ങൾ നമുക്ക് നെഞ്ചോടു ചേർക്കാം. ഇടുങ്ങിയ ചിന്തകൾക്കു ചിറകു വിരിയട്ടെ. ജാതി, മത, വർ​ഗ, വർണ ചിന്തകൾക്കതീതമായി മനുഷ്യരെ മനുഷ്യരായി കാണാൻ നമുക്കു പഠിക്കാം. അതിനുള്ള പാലമാകട്ടെ ഈ ലോകകായികദിനം.

Highlights: Today is International Day of Sport — a window to unity and solidarity

error: