വഴിയരികിലെ തട്ടു കടകൾ
ശ്രീധരൻ കോടിയത്ത്
ഇപ്പോൾ നാട് മുഴുവൻ അത് നഗരമായാലും പട്ടണമായാലും ഗ്രാമങ്ങളിലെ ചെറുകവലകളായാൽപ്പോലും പുതിയ പുതിയ തട്ടുകടകൾ കൂണുകൾ പോലെ പൊങ്ങി വരുന്നതായി കാണുന്നു. കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ ഉയർന്ന നിലവിൽ ജീവിക്കുന്നവർക്ക് നഗരങ്ങളിൽ സ്റ്റാർ റെസ്റ്റാറന്റ്, ഇടത്തര ക്കാർക്ക് നല്ല ഗുണനിലവാരം പുലർത്തി ന്യായമായ വിലയിൽ നടത്തിയിരുന്ന ഹോട്ടലുകൾ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവർക്ക് തരക്കേടില്ലാത്ത രീതിയിൽ നടത്തിയിരുന്ന ചെറു ഹോട്ടലുകൾ ഒക്കെയുണ്ടായായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയൊക്കെ കുറേ മാറിയിരിക്കുന്നു. സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്നവരും നല്ല ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവർ പോലും ഇടക്കിടെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന തട്ടുകടകളിൽ എത്തി ഭക്ഷണം കഴിക്കുന്നത് കാണാം. ഇത് ഒരുപക്ഷെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നവർ ഒരു മാറ്റത്തിന് വേണ്ടിയും മറ്റുള്ളവർ ഒരുപക്ഷെ ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോൾ ക്ഷീണക്കൂടുതലോ, ഉണ്ടാക്കാനുള്ള സമയക്കുറവ് കൊണ്ടുമൊക്കെയാകുമായിരിക്കാം.

മുമ്പൊക്കെ നാട് മുഴുവൻ ഉള്ള പട്ടണങ്ങളിൽ നല്ല രുചിയേറിയ രണ്ടോ മുന്നോ പേര് കേട്ട ഭക്ഷണശാലകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ജനപ്പെരുപ്പം വർദ്ധിക്കുന്നതനുസരിച്ചു ധാരാളം ഭക്ഷണശാലകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. എങ്കിലും പട്ടണത്തിന്റെ ഒാരോ കവലയിലും ഇപ്പോൾ ധാരാളം തട്ടുകടകൾ തുടങ്ങിക്കഴിഞ്ഞു. അവിടമൊക്കെ വൈകുന്നേരമായിക്കഴിഞ്ഞാൽ നല്ല തിരക്കുമായിരിക്കും.
എന്തിനേറെ ഗ്രാമപ്രദേശങ്ങളിലെ ചെറുകവലകളിൽ പോലും ഇപ്പോൾ തട്ടുകടകൾ രംഗപ്രവേശം ചെയ്ത് പലസ്ഥലങ്ങളിലും അവരുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഒരുപരിധിവരെ അത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർക്ക് ഒരു വെല്ലുവിളിയായി ഉയരുകയാണ്.
ഇവിടെ ഏറ്റവും വലിയ പ്രശ്നം ഇതൊന്നുമല്ല. ഓരോ തട്ടുകടയിലും എത്ര ശുചിത്വമുള്ള ഭക്ഷണമാണ് ഉണ്ടാക്കി വിളമ്പുന്നതെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ. ഇല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അവർ രണ്ടോ മുന്നോ ബക്കറ്റ് വെള്ളമാണ് അവരുടെ ഉന്തുവണ്ടിയുടെ പുറകിൽ താഴെയായി വെക്കുന്നത്. അതിൽ ഒന്നിൽ നിന്നും പാകം ചെയ്യുന്നതിന് ഉപയോഗിക്കും. മറ്റൊന്നിൽ കഴിച്ച പ്ലേറ്റുകളും മറ്റും മുക്കിയ ശേഷം മൂന്നാമത്തെ ബക്കറ്റിൽ ഒന്ന് കൂടി മുക്കിയെടുക്കും. എന്നിട്ടൊരു തുണിക്കഷ്ണം കൊണ്ട് തുടയ്ക്കും. തുടർന്ന് അടുത്ത ആൾക്ക് അതിൽ വിളമ്പിക്കൊടുക്കും. ആ തുണിക്കഷ്ണം തന്നെയായിരിക്കും ദിവസം അവസാനം വരെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രക്രിയ തട്ടുകട രാത്രി പൂട്ടുന്നത് വരെ തുടർന്നു കൊണ്ടിരിക്കും. അപ്പോൾ എത്ര വൃത്തിഹീനമായിട്ടാണ് അവർ വിളമ്പുന്നതെന്ന് മനസ്സിലാക്കുക.
കൂടാതെ അവർ ഒരു കൈയ്യുറപോലും ധരിക്കാതെയാണ് എല്ലാ പണിയും ചെയ്യുന്നത്. അതിനിടയിൽ പല തവണ ചുമക്കുകയും തുമ്മുകയും ചീറ്റുകയും ചെയ്യുന്നുണ്ടാകും. അത് മറക്കാനോ, തുടക്കാനോ ഒരു ഉറുമാൽ പോലും കാണില്ല. ചിലപ്പോൾ ഭക്ഷണം പാകം ചെയ്യുന്ന കൈകൊണ്ട് തന്നെയായിരിക്കും അതൊക്കെ തുടക്കുന്നത്. പെട്ടെന്ന് വാങ്ങി കഴിച്ച് പോകുന്ന തിരക്കിൽ ഇതൊന്നും സാധാരണ ആരും ശ്രദ്ധിക്കില്ലെന്നതാണ് സത്യം.
മറ്റൊരു പ്രധാന കാര്യം അവർ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണകളാണ്. അത് മിക്കവാറും എല്ലായിടത്തും ഏറ്റവും വില കുറഞ്ഞ ആരോഗ്യത്തിന് ഹാനികരമായ എണ്ണകളായിരിക്കും ഉപയോഗിക്കുന്നത് എന്നതാണ്. അത് മാത്രവുമല്ല. ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണയിൽ തന്നെയായിരിക്കും പലതും വീണ്ടും വീണ്ടും വറുത്ത് കോരിയിടുന്നത്. ഇടക്കൊന്ന് ചെറിയ മാറ്റത്തിനായി ബാക്കിയുള്ള എണ്ണ കളയാതെ അതിൽ തന്നെ പുതിയത് വീണ്ടും ഒഴിക്കും.
ഒരിക്കൽ വറുത്ത് കോരിയ ശേഷം ബാക്കി വരുന്ന എണ്ണ ഒരിക്കലും വീണ്ടും ഉപയോഗിക്കരുതെന്ന് അറിയാത്തവരും ഉണ്ടാകാം. എണ്ണ ആവർത്തിച്ചു തിളപ്പിക്കുമ്പോൾ കാൻസറിനു പ്രേരകമായരാസവസ്തുക്കൾ രൂപം കൊള്ളുന്നതായി വ്യക്തമായിട്ടുണ്ട്. അത് ആരോഗ്യത്തിന് ഏറ്റവും വലിയ ആപത്തുണ്ടാക്കുന്നതാണ് എന്നാണ് ആരോഗ്യസംരക്ഷകർ പറയുന്നത്. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വെച്ച് നടത്തുന്ന (പല) ഹോട്ടലുകളിലും തട്ടുകടകളിലും സ്ഥിതി ഇത് തന്നെയാണ്. കൃത്രിമനിറവും മണവും രുചിയുമൊക്കെ കലർത്തുന്ന ഭക്ഷണസാധനങ്ങൾ കഴിവതും ഒഴിവാക്കണം. കേടുകൂടാതെ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാൻ ചേർക്കുന്ന രാസവസ്തുക്കളും ശരീരത്തിലെത്തുന്നതു കാൻസർ സാധ്യത വർധിപ്പിക്കും.
പുകച്ചും കരിച്ചും തയാറാക്കുന്നതും ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്നതുമായ ഭക്ഷണപദാർഥങ്ങൾ അപകടകാരികളാണ്. അതു
പോലെ ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന ഭക്ഷണ പദാർഥങ്ങൾങ്ങളുടെ അമിത ഉപയോഗവും കാൻസറിനു വഴിവയ്ക്കുമെന്നാണറിയുന്നത്.
നാൾക്കുനാൾ കാൻസർ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുന്നതിന് പ്രധാന കാരണം വൃത്തിയും ശുചിത്വവും ഇല്ലാത്തതും, പോഷകാംശം കുറഞ്ഞതും, രാസപദാർഥങ്ങൾ ചേർന്നതുമൊക്കെയുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് എന്നതിൽ യാതൊരു സംശയവുമില്ല.
ദേശീയ ശരാശരി കണക്കിൽ കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടി വരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെ തന്നെയാണ് ഇന്ന് വർധിച്ച് വരുന്ന ക്യാൻസറിന്റെ പ്രധാന കാരണങ്ങൾ. അത്കൊണ്ട് പുറത്ത് പോയി ഇടക്കിടെ കഴിക്കുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ അവരവരുടെ ആരോഗ്യം ഒരു പരിധിവരെയെങ്കിലും നന്നായി സൂക്ഷിക്കാൻ സാധിക്കും.