കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടം; സച്ചിന്‍ ബേബിക്ക് അര്‍ധ സെഞ്ച്വറി
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ്. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379ന് ഒപ്പമെത്താന്‍ കേരളത്തിന് ഇനി 160 റണ്‍സ് കൂടി വേണം. അര്‍ധ സെഞ്ച്വറി നേടി ക്രീസില്‍ തുടരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ.
നേരത്തെ മൂന്നിന് 131 എന്ന സ്‌കോറില്‍ നിന്നാണ് കേരളം മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാംരഭിച്ചത്. 79 റണ്‍സെടുത്ത ആദിത്യ സര്‍വാതെ, 21 റണ്‍സുമായി സല്‍മാന്‍ നിസാര്‍ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 185 പന്തില്‍ 10 ഫോറുകള്‍ ഉള്‍പ്പെടെയാണ് സര്‍വാതെ 79 റണ്‍സെടുത്തത്. 100-ാം ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിക്കുന്ന സച്ചിന്‍ ബേബി 109 പന്തില്‍ ആറ് ഫോറുകള്‍ ഉള്‍പ്പെടെ 52 റണ്‍സെടുത്ത് ക്രീസിലുണ്ട്.
രണ്ടാം ദിവസം ആദ്യ ഇന്നിംഗ്‌സ് ആരംഭിച്ച കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ ഓപണര്‍മാരായ രോഹന്‍ കുന്നുന്മലും അക്ഷയ് ചന്ദ്രനും തിരിച്ചെത്തി. മൂന്നാം വിക്കറ്റില്‍ ആദിത്യ സര്‍വതെ അഹമ്മദ് ഇമ്രാന്‍ സഖ്യമാണ് കേരളത്തിന്റെ സ്‌കോര്‍ മുന്നോട്ട് നീക്കിയത്. എന്നാല്‍ 83 പന്തില്‍ മൂന്ന് ഫോറടക്കം 37 റണ്‍സെടുത്ത് അഹമ്മദ് ഇമ്രാന്‍ രണ്ടാം ദിവസം തന്നെ പുറത്തായിരുന്നു.