ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായക പദവി ഒഴിഞ്ഞു
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫിയില്‍നിന്ന് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് വൈറ്റ് ബാള്‍ ക്രിക്കറ്റ് നായക പദവി ഒഴിഞ്ഞ് ജോസ് ബട്‌ലര്‍. ഗ്രൂപ്പ് റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളും തോറ്റ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തോടെയാണ് ബട്‌ലര്‍ പദവി ഒഴിഞ്ഞത്. ഇന്ത്യക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.
നിലവില്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ആദ്യത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും രണ്ടാമത്തെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടുമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് അവസാനമായി കളിച്ച 21 ഏകദിന മത്സരങ്ങളില്‍ 15ഉം പരാജയപ്പെട്ടു. എനിക്കും ടീമിനും ഇതാണ് ശരിയായ സമയമെന്ന് 34കാരനായ താരം പ്രതികരിച്ചു. ഇയാന്‍ മോര്‍ഗന്‍ വിരമിച്ചതിനു പിന്നാലെ 2022 ജൂണിലാണ് വൈറ്റ് ബാള്‍ ക്രിക്കറ്റിന്റെ നായക പദവിയിലേക്ക് ബട്‌ലര്‍ എത്തുന്നത്. ആ വര്‍ഷം ഇംഗ്ലണ്ടിന് ട്വന്റി20 ലോകകപ്പ് കിരീടം നേടികൊടുത്തു.
എന്നാല്‍, 2023ലെ ഏകദിന ലോകകപ്പിലും കഴിഞ്ഞവര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലും ഇംഗ്ലണ്ടിന് തിളങ്ങാനായില്ല. 44 ഏകദിനങ്ങളില്‍ ടീമിനെ നയിച്ചു. 18 ജയവും 25 തോല്‍വിയും. ട്വന്റി20 ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുï്. 51 മത്സരങ്ങളില്‍ 26 ജയവും 22 തോല്‍വിയും.