വനിതാ ഫുട്‌ബോൾ ലീഗ് കിരീടം ഗോകുലം എഫ്.സിയ്ക്ക്; കേരള യുണൈറ്റഡിനെ തോൽപിച്ചു
തൃശൂർ: കേരള വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്.സി ചാമ്പ്യൻമാർ. കലാശ പോരാട്ടത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തത്. തുടർച്ചയായ രണ്ടാം തവണയാണ് മലബാറിയൻസിന്റെ പെൺപുലികൾ വനിതാ ലീഗ് കിരീടം ചൂടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഗോകുലം അനായാസ ജയമായിരുന്നു നേടിയത്. 35ാം മിനിറ്റിൽ ദർശിനിയിലൂടെയായിരുന്നു ആദ്യ ഗോൾ പിറന്നത്. ഒരു ഗോൾ വന്നതോടെ മത്സരത്തിൽ ഗോകുലം മേധാവിത്തം പുലർത്തി. എന്നാൽ പിന്നീട് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ കേരള യുണൈറ്റഡ് താരങ്ങൾ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം മറികടക്കാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ മുന്നേറ്റം തുടർന്ന ഗോകുലം 71ാം മിനിറ്റിൽ രണ്ടാംഗോൾ നേടി. ഗോൾ മടക്കാനുള്ള കേരള യുനൈറ്റഡിന്റെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മത്സരം 2-0 എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു.